പാതിരാത്രിയിൽ യുവതിയെ വഴിയിൽ ഉപേക്ഷിച്ചു, പിന്നാലെ ഓടി, ഉറക്കെ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; കല്ലട ബസിനെതിരെ വീണ്ടും പരാതി
ചൊവ്വ, 4 ജൂണ്‍ 2019 (07:24 IST)
യാത്രക്കാരെ ക്രൂരമായി മർദ്ദിച്ചതിന്റെ പേരിൽ വിവാദത്തിലായ കല്ലട ട്രാവത്സിനെതിരെ വീണ്ടും പരാതി. രാത്രിയില്‍ ഭക്ഷണത്തിനായി നിര്‍ത്തിയ സ്ഥലത്തു നിന്ന് 23 വയസുകാരിയായ യുവതിയെ ബസില്‍ കയറ്റാതെ ബസ് യാത്ര തുടര്‍ന്നെന്നാണ് പരാതി.
ബംഗളൂരു ആസ്ഥാനമായ ന്യൂസ് മിനിട്ട് എന്ന ഓൺലൈൻ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാര്‍ കണ്ടതായി ഭാവിച്ചില്ലെന്നും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ഡ്രൈവര്‍ നിര്‍ത്തിയില്ലെന്നുമാണ് ആരോപണം.
‘ കഴക്കൂട്ടത്തു നിന്നും 6.45നാണ് ഞാന്‍ ബസില്‍ കയറിയത്. രാത്രി 10.30യ്ക്ക് അത്താഴം കഴിക്കാനായി ബസ് നിര്‍ത്തി. തിരുനെല്‍വേലിയാണെന്ന് തോന്നുന്നു. ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ 10-15 മിനിറ്റിനുള്ളില്‍ ബസ് നീങ്ങി. യാതൊരു മുന്നറിയിപ്പും നല്‍കാതെ ബസ് എടുത്ത് പോവുകയായിരുന്നു.’ എന്ന് യുവതി പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഒടുവില്‍ അതുവഴി വന്ന ഒരു കാർ ബസിനെ ചേയ്സ് ചെയ്ത് കുറുകെ നിര്‍ത്തിയാണ് യുവതിക്ക് തുടര്‍ യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. എന്നിട്ടും ബസ് പിന്നോട്ടെടുത്ത് യുവതിയെ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഏകദേശം അഞ്ച് മിനിറ്റോളം ഓടിയാണ് പെണ്‍കുട്ടി ബസില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒടുക്കം ബസില്‍ കയറിപ്പറ്റിയപ്പോള്‍ ക്ഷമ ചോദിക്കുന്നതിനു പകരം ബസ് ഡ്രൈവര്‍ തന്നോട് രോഷം കൊള്ളുകയാണുണ്ടായതെന്നും അവര്‍ പറയുന്നു. ‘എന്താണ് അയാള്‍ പറഞ്ഞതെന്ന് എനിക്ക് മുഴുവനായി മനസിലായില്ല. അത് കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. ഞാന്‍ വേഗം പോയി എന്റെ സീറ്റിലിരിക്കുകയായിരുന്നു. മറ്റു ബസുകളെപ്പോലെ നീങ്ങുന്നതിനു മുമ്പ് എല്ലാ യാത്രക്കാരും കയറിയോയെന്ന് അവര്‍ ഉറപ്പുവരുത്തുമെന്നാണ് ഞാന്‍ കരുതിയത്.’ യുവതി പറയുന്നു.
കുറച്ചുസമയത്തിനുശേഷം താന്‍ ഒരു സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. സുഹൃത്ത് ഡ്രൈവറെ വിളിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.
ഒരു സ്ത്രീയെ ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിച്ച് പോയതെന്താണെന്ന് താൻ ചോദിച്ചപ്പോൾ ‘ഏത് ട്രാവല്‍സാണ് ഇതെന്ന് അറിയില്ലേ? കല്ലട ട്രാവല്‍സാണ്. ആരാണ് കല്ലടയെന്ന് അറിയാലോ?’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും യുവതിയുടെ സുഹൃത്തായ സി. സഹായ ക്രിസ്തന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബസ് വൈകിയത് ചോദ്യം ചെയ്തതിന് യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരിൽ കല്ലട ട്രാവല്‍സിലെ ആറ് ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.