തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഡല്‍ഹി കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍. കേസിലെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ജ്യോതിയുടെ മാതാപിതാക്കള്‍.
വിധിയുലൂടെ കോടതി തങ്ങളെ കൈവിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. പ്രതിഷേധങ്ങളെ വക വെക്കാതെ കുറ്റവാളിയെ മോചിപ്പിക്കാനുള്ള കോടതി ഉത്തരവ് പെരുവഴിയില്‍ തള്ളുന്നതിന് തുല്യമാണെന്നും ജ്യോതിയുടെ അമ്മ ആഷ ദേവി പറഞ്ഞു.
തങ്ങള്‍ക്ക് നല്കപ്പെട്ട വാക്കുകള്‍ പാലിക്കപ്പെട്ടില്ല. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, പ്രതിയെ മോചിപ്പിച്ചു കൊണ്ടുള്ള കോടതിവിധിയില്‍ നിരാശരാണ്. എല്ലാ പരിശ്രമങ്ങളും വെറുതെയായെന്നും ജ്യോതിയുടെ പിതാവ് ബദരീനാഥ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാനുള്ള കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും ജ്യോതിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.
പ്രതിയെ വിട്ടയക്കുന്നതിനെതിരെ നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. പ്രതിയെ വിട്ടയയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജി കോടതി തള്ളിയതോടെ പ്രതിക്ക് പുറത്തിറങ്ങാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്.
പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ മുറിവേല്‍പിച്ചവരില്‍ ഒരാളാണ് ഇപ്പോള്‍ 21 വയസ്സുള്ള ഈ പ്രതി.