പാകിസ്ഥാനോ നരകമോ എന്ന് ചോദിച്ചാൽ ഞാൻ നരകം തിരഞ്ഞെടുക്കുമെന്ന് ജാവേദ് അക്തർ

നിഹാരിക കെ.എസ്

തിങ്കള്‍, 19 മെയ് 2025 (08:30 IST)
പാകിസ്ഥാനോ നരകമോ ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട ഒരു സാഹചര്യമോ സമയമോ വന്നാൽ, താൻ നരകത്തിലേക്ക് പോകാനാകും ഇഷ്ടപ്പെടുക എന്ന് കവിയും ​ഗാനരചയിതാവുമായ ജാവേദ് അക്തർ. മുംബൈയിൽ നടന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ടിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പരിപാടിയിൽ വെച്ച് താൻ നിരീശ്വരവാദിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിലെയും പാകിസ്ഥാനിലെയും തീവ്രവാദികൾ ദിവസേന തന്നെ അധിക്ഷേപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികൾ തന്നെ വിമർശിക്കുന്നത് നിർത്തിയാലാണ് തനിക്ക് ആശങ്ക ഉണ്ടാകുന്നതെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
 
“ഒരു ദിവസം, ഞാൻ എന്റെ ട്വിറ്ററും (ഇപ്പോൾ എക്സ് - X) വാട്ട്‌സ്ആപ്പും നിങ്ങൾക്ക് കാണിച്ചുതരാം. രണ്ട് കൂട്ടരിൽ നിന്നും ഞാൻ അധിക്ഷേപിക്കപ്പെടുന്നു. ഞാൻ നന്ദികെട്ടവനല്ല, അതിനാൽ ഞാൻ പറയുന്നതിനെ വിലമതിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളുണ്ടെന്ന് ഞാൻ പറയും. പക്ഷേ, ഇവിടെയും അവിടെയുമുള്ള തീവ്രവാദികൾ എന്നെ അധിക്ഷേപിക്കുമെന്നത് സത്യമാണ്. അവരിൽ ഒരാൾ എന്നെ അധിക്ഷേപിക്കുന്നത് നിർത്തിയാൽ, അത് എനിക്ക് ആശങ്കാജനകമായ കാര്യമായിരിക്കും. ഒരു വിഭാ​ഗം പറയുന്നു, 'നീ ഒരു കാഫിറാണ് (അവിശ്വാസി) നരകത്തിൽ പോകും. മറുവിഭാ​ഗം പറയുന്നു, 'ജിഹാദി, നീ പാകിസ്ഥാനിലേക്ക് പോകൂ'. പാകിസ്ഥാനോ നരകമോ ആണ് തിരഞ്ഞെടുക്കേണ്ടി വരുന്നതെങ്കിൽ , ഞാൻ നരകത്തിൽ പോകാനാണ് ഇഷ്ടപ്പെടുന്നത്', സദസ്സിന്റെ കരഘോഷത്തിനിടയിൽ അക്തർ പറഞ്ഞു.
 
ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രത്യയശാസ്ത്രത്തി​ന്റെ അടിമകളായി പൗരർ മാറാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം എങ്ങനെ അവർക്ക് ശരിയും തെറ്റും എന്താണെന്ന് പറയാൻ കഴിയുമെന്നും അക്തർ ചോദിക്കുന്നു. ഒരു പാർട്ടിയോടും വിശ്വസ്തത ഉണ്ടാകരുത്. എല്ലാ പാർട്ടികളും നമ്മുടേതാണ്, പക്ഷേ ഒരു പാർട്ടിയും നമ്മുടേതല്ല. ഞാനും ആ പൗരരിൽ ഒരാളാണ്. നിങ്ങൾ ഒരു വശത്ത് നിന്ന് സംസാരിച്ചാൽ, നിങ്ങൾ മറുവശത്തെ അസന്തുഷ്ടരാക്കും. എന്നാൽ, നിങ്ങൾ വ്യത്യസ്ത കാഴ്ചപ്പാടുകളിൽ നിന്ന് സംസാരിച്ചാൽ, നിങ്ങൾ കൂടുതൽ ആളുകളെ അസന്തുഷ്ടരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ദേശസ്നേഹത്തെയും മതത്തെയും കുറിച്ചുള്ള വീക്ഷണങ്ങളുടെ പേരിൽ പലപ്പോഴും ഹിന്ദു, മുസ്ലിം മതതീവ്രവാദികളുടെ ഭീഷണിക്ക് വിധേയനായ വ്യക്തിയാണ് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍