തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കനത്ത നടപടി, തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (08:48 IST)
പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തലിന് പിന്നാലെ പാകിസ്ഥാനുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ ഇന്ത്യ തുടരുന്നു. ഭരണമാറ്റത്തെ തുടര്‍ന്ന് ഇന്ത്യക്കെതിരെ പല വിദ്വേഷ പരാമര്‍ശങ്ങളും ബംഗ്ലാദേശില്‍ വന്ന ഇടക്കാലസര്‍ക്കാര്‍ നടത്തിയിരുന്നു. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷസമയത്ത് പാകിസ്ഥാനൊപ്പം നില്‍ക്കുന്ന നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെഡിമെയ്ഡ് തുണിത്തരങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്പന്നങ്ങള്‍ എന്നിവ ബംഗ്ലാദേശില്‍ നിന്ന് തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നതിനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
 
അതേസമയം ഇന്ത്യ വഴി നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ഈ നിയന്ത്രണം ബാധിക്കില്ല. നേരത്തെ ചൈനയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കയ്യടക്കാന്‍ ചൈനയെ സഹായിക്കാമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഭരണതലവനായ മുഹമ്മദ് യൂനുസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ബംഗ്ലാദേശില്‍ ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങളുടെ പ്രധാന വിപണിയാണ് നിലവില്‍ ഇന്ത്യ. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍