ആണവായുദ്ധം കാണിച്ച് വിരട്ടേണ്ടെന്ന് മോദി, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ ഡ്രോണുകളെത്തി, തകർത്ത് ഇന്ത്യ
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും തുടര്‍ന്നുണ്ടായ ഇന്ത്യ പാക്- സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ചെന്നും ആണവായുധം പ്രയോഗിക്കുമെന്ന പാക് ഭീഷണി വിലപ്പോവില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇനിയുള്ള ചര്‍ച്ചകള്‍ അതിര്‍ത്തിയിലെ ഭീകരതയെ പറ്റിയും പിഒകെയെ പറ്റിയുമാകും എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ അഭിസംബോധനയ്ക്ക് പിന്നാല ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയിലെ 10 ഇടങ്ങളിലാണ് പാക് ഡ്രോണുകള്‍ പറന്നെത്തി പ്രകോപനം സൃഷ്ടിച്ചത്. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും ചേര്‍ന്ന് ഇത് തകര്‍ത്തെറിഞ്ഞു. പഞ്ചാബിലെ അമൃത്സര്‍, ജമ്മുവിലെ സാംബ സെക്ടര്‍ എന്നിവിടങ്ങളില്‍ പാക് ഡ്രോണുകളെ ഇന്ത്യന്‍ സേന തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. പാകിസ്ഥാന്‍ പ്രകോപനം ശക്തമായതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബ്ലാക്കൗട്ട് തുടരുകയാണ്.