ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ വീട്ടില്‍ ടി വി വേണ്ടെന്നുവച്ചതെന്തിന്? മക്കള്‍ ഓട്ടോറിക്ഷയില്‍ സ്കൂളില്‍ പോയതെന്തിന്?

Webdunia
ബുധന്‍, 11 മെയ് 2016 (14:38 IST)
നമ്മള്‍ സാധാരണയായി കണ്ടുവരുന്നത് അമ്മമാര്‍ പെണ്‍‌മക്കള്‍ക്ക് ഉപദേശം നല്‍കുന്നതാണ്. അച്ഛന്‍ മകള്‍ക്ക് സ്നേഹപൂര്‍വം അര്‍ത്ഥപൂര്‍ണമായ ഉപദേശം നല്‍കുന്നതിന് അപൂര്‍വ്വം സന്ദര്‍ഭങ്ങളിലേ സാക്‌ഷ്യം വഹിക്കാന്‍ കഴിയുള്ളൂ. അത്തരം ഒരു അനുഭവമാണ് ഇന്‍‌ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി മകള്‍ അക്ഷതയ്ക്ക് അയച്ച കത്ത് കാണുമ്പോള്‍ ലഭിക്കുന്നത്.
 
അതിസമ്പന്നനായ ഒരു ബിസിനസുകാരന്‍റെ ഭാഷയല്ല, സ്നേഹസമ്പന്നനായ ഒരു പിതാവിന്‍റെ വാക്കുകളാണ് നാരായണമൂര്‍ത്തി മകള്‍ക്കയച്ച കത്തില്‍ ദൃശ്യമാകുന്നത്. സമ്പന്നതയുടെ മടിത്തട്ടിലും ലളിതജീവിതം നയിക്കുന്നതിന്‍റെയും കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളുടെയും വിശദാംശങ്ങള്‍ കത്തില്‍ വെളിവാക്കുന്നു.
 
ജീവിതത്തില്‍ ആവശ്യത്തിന് പണം വന്നു ചേര്‍ന്നിട്ടും കുട്ടികളെ ഓട്ടോറിക്ഷയില്‍ തന്നെ സ്കൂളില്‍ അയയ്ക്കാനുള്ള തീരുമാനത്തിനുള്ള കാരണം നാരായണമൂര്‍ത്തി മകളോട് പറയുന്നു - “ജീവിതത്തില്‍ ആവശ്യത്തിന് പണം വന്നെങ്കിലും ജീവിതരീതിയില്‍ മാറ്റമുണ്ടായില്ല. ജീവിതരീതി ലളിതമായി തന്നെ തുടര്‍ന്നു. ആവശ്യത്തിനു പണം കൈയില്‍ എടുക്കാനുണ്ടായിരുന്ന സമയത്ത് കുട്ടികളെ കാറില്‍ സ്കൂളില്‍ വിടുന്നതിനെക്കുറിച്ച് നിങ്ങളുടെ അമ്മയുമായി ആലോചിച്ചു. എന്നാല്‍, നിങ്ങളുടെ അമ്മ അതിന് സമ്മതിച്ചില്ല. രോഹനും നീയും കൂട്ടുകാരോടൊപ്പം ഓട്ടോറിക്ഷയില്‍ സ്കൂളില്‍ പോകുന്നത് തുടരണമെന്നായിരുന്നു നിങ്ങളുടെ അമ്മയുടെ നിര്‍ദ്ദേശം. ലളിതമായ കാര്യങ്ങള്‍ ജീവിതത്തില്‍ സൌജന്യമായി സന്തോഷം നല്കുന്നതാണ്.”
 
വീട്ടില്‍ ടെലിവിഷന്‍ വാങ്ങാതിരുന്നതിനെക്കുറിച്ചും മൂര്‍ത്തി മകളോട് വ്യക്തമാക്കുന്നു - “ബാക്കിയുള്ള എല്ലാ കൂട്ടുകാരുടെയും വീട്ടില്‍ ടി വി ഉണ്ടായിരുന്നപ്പോള്‍ നമ്മുടെ വീട്ടില്‍ എന്തുകൊണ്ട് ടെലിവിഷന്‍ ഇല്ല എന്ന് നീ ഒരിക്കല്‍ ചോദിച്ചിരുന്നു. നമ്മുടെ വീട്ടില്‍ ടെലിവിഷന്‍ വാങ്ങേണ്ടെന്ന് നിങ്ങളുടെ അമ്മയാണ് തീരുമാനിച്ചത്. അതുകൊണ്ട് പഠിക്കാനും വായിക്കാനും ചര്‍ച്ച നടത്താനും സുഹൃത്തുക്കളെ കാണാനും നമുക്ക് സമയമുണ്ടായിരുന്നു. എല്ലാ രാത്രിയും എട്ടുമണി മുതല്‍ 10 മണി വരെ കുടുംബം ഒരുമിച്ചിരുന്നു. രോഹനും നീയും സ്കൂളിലേക്കുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഞാനും നിങ്ങളുടെ അമ്മയും ചരിത്രം, സാഹിത്യം, ഭൌതികശാത്രം, ഗണിതം, എഞ്ചിനിയറിംഗ് എന്നീ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ വായിക്കുകയോ ഓഫീസ് ജോലികള്‍ ചെയ്യുകയോ ചെയ്യുമായിരുന്നു.”
Next Article