'ഗെയിം ഇന്‍ ഗെയിം' പറയുന്ന ലെസ്‌ബിയന്‍ കഥയില്‍ കണ്ണീരും വേദനയുമുണ്ട്

Webdunia
വെള്ളി, 13 മെയ് 2016 (16:17 IST)
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമംഗങ്ങൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ വെളിപ്പെടുത്തിയ മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ സോനാ ചൗധരിയുടെ കായികജീവിതം വേദനകള്‍ നിറഞ്ഞിരുന്നതായിരുന്നു.

ടീമില്‍ സ്‌ഥാനം ലഭിക്കാന്‍ താരങ്ങള്‍ക്ക്‌ പലകുറി വിട്ടുവീഴ്‌ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്‌. താരങ്ങളെ പരിശീലകനും സെക്രട്ടറിയും നിരന്തരം പീഡനങ്ങള്‍ക്ക്‌ ഇരയാക്കി. മത്സരങ്ങള്‍ക്കായി ടീം വിദേശയായ്രകള്‍ നടത്തുമ്പോള്‍ ഇവരും ടീം മാനേജ്‌മെന്റ് അധികൃതരും തങ്ങളുടെ മുറികളിലാണ് താമസിച്ചിരുന്നത്. ഇവരുടെ ലൈംഗിക പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ പല കളിക്കാരികള്‍ക്കും സ്വവര്‍ഗാനുരാഗികളായി അഭിനയിക്കേണ്ടിവന്നതായും 'ഗെയിം ഇന്‍ ഗെയിം' എന്ന തന്റെ പുസ്തകത്തിലൂടെ  സോന വെളിപ്പെടുത്തുന്നു.

വഴങ്ങിക്കൊടുത്തില്ലെങ്കില്‍ താരങ്ങളെ അവഗണിക്കുകയും പലരേയും മാനസിക പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്നത് പതിവായിരിന്നു. സംസ്‌ഥാന- ദേശീയ തലങ്ങളിലുള്ള ടീം അംഗങ്ങള്‍ക്കും ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്‌. നിരന്തരം പരാതി നല്‍കിയിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വന്നില്ല. ഈ സാഹചര്യത്തിലാണ് പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ പല കളിക്കാരികള്‍ക്കും സ്വവര്‍ഗാനുരാഗികളായി അഭിനയിക്കേണ്ടി വന്നതെന്നും സോന ബുക്കില്‍ പറയുന്നു.

സോനയുടെ വെളിപ്പെടുത്തലുകള്‍ എല്ലാം നേരില്‍ കാണേണ്ടിവന്നതും അനുഭവിക്കേണ്ടി വന്നതുമായ സംഭവങ്ങളാണ്.
1995ല്‍ ഇന്ത്യയ്ക്കായി ജേഴ്സിയണിഞ്ഞ സോന ചൌധരി മൂന്നു വര്‍ഷത്തിനുശേഷം 1998ലെ ഏഷ്യാകപ്പിനിടെ കാൽമുട്ടിനും പുറത്തിനുമേറ്റ പരുക്കുനിമിത്തം സോന നേരത്തേതന്നെ കരിയർ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷിക്കാൻ തയാറാണെന്ന് കേന്ദ്ര കായികമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
Next Article