ദൈവം ഇന്ത്യയ്ക്ക് നൽകിയ പുണ്യമായ സമ്മാനമാണ് മോദിയെന്ന് ശിവരാജ്‌ സിംഗ്‌ ചൗഹാൻ

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2016 (12:15 IST)
ഇന്ത്യയ്ക്ക് ദൈവം നൽകിയ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാൻ രംഗത്ത്. ഇന്ത്യയെ ഉയർച്ചയിലേക്ക് എത്തിക്കാനും ശക്തിപ്പെടുത്തി സമ്പന്നമായ രാജ്യമാക്കി മാറ്റാനും അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന യുവമോർച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനും മികച്ച നേതാവുമാണ് അദ്ദേഹമെന്നും ലോകത്തെവിടെ പോയാലും അവിടെയുള്ളവർ അദ്ദേഹത്തെ ആദരവോടെയും ആവേശത്തോടെയുമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആശയങ്ങളെ വ്യക്തമായ രീതിയിൽ അവതരിപ്പിക്കാനും നടപ്പിലാക്കാനും അദ്ദേഹത്തിനറിയാം. ഇന്ത്യയ്ക്ക് ദൈവം നൽകിയ പുണ്യമായ സമ്മാനമാണ് നമ്മുടെ പ്രധാന മന്ത്രിയെന്നും അദ്ദേഹം യുവമോർച്ച കൺവെൻഷനോട് അറിയിച്ചു.
 
2022ഓടെ ഇന്ത്യയുടെ 'വിശ്വ ഗുരു' എന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനാകുമെന്ന്‌ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയിൽ കോണ്‍ഗ്രസിനെതിരെയും ചൗഹാന്‍ ആഞ്ഞടിച്ചു. പാവപ്പെട്ടവരുടെ ചോര ഊറ്റി കുടിക്കുന്ന കോണ്‍ഗ്രസിന്‌ സാധാരണക്കാരെ കുറിച്ച് സംസാരിക്കാന്‍ അധികാരമില്ല. ജെ എന്‍ യു വിഷയത്തില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്‌ മഹാത്മ ഗാന്ധിയെ തന്നെ ലജ്‌ജിപ്പിക്കുന്ന വിധത്തിലായിരുന്നെന്ന്‌ ചൗഹാന്‍ പരിഹസിച്ചു.