ടെക്നോളജികൾ ദിനം പ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ വളർച്ചയോർത്ത് നമുക്കിനി അഭിമാനിക്കാം. കാരണം, ജമ്മു കശ്മീരിലെ ഹിരാനഗറിൽ പാക്ക് ഭീകരവാദികൾ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം തകർത്തത് തെർമൽ ഇമേജിങ് ടെക്നോളജിയുടെ സഹായത്തോടെയാണ്. ഇതിന്റെ വീഡിയോ ബി എസ് എഫ് പുറത്തുവിട്ടു.
അതിർത്തിയിൽ ഭീകരർക്കു നേരെ പോരാടുന്ന ഇന്ത്യൻ സേനകളെ സംബന്ധിച്ചിടത്തോളം ടെക്നോളജിയാണ് ഉറ്റസുഹൃത്ത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഇല്ലാതിരുന്നെങ്കിൽ അതിർത്തി കടന്നെത്തുന്ന ഭീകരരെല്ലാം നഗരങ്ങൾ ആക്രമിച്ചു മടങ്ങുമായിരുന്നു. എന്നാൽ, ഇന്ന് എല്ലാം ടെക്നോളജിയുടെ സഹായത്തോടെ കണ്ടെത്തുന്നു. ഇതിലൊന്നാണ് തെർമൽ ഇമേജിങ് ടെക്നോളജി.
ഭീകരരെയും നുഴഞ്ഞുകയറ്റാക്കാരെയും കീഴടക്കാൻ സൈന്യത്തെ കാര്യമായി സഹായിക്കുന്ന ടെക്നോളജിയാണ് തെര്‍മൽ ഇമേജിങ്. ഒളിയാക്രമണത്തെ തന്ത്രപരമായി നേരിടാൻ സഹായിക്കുന്നതും ഈ ടെക്നോളജി തന്നെ. ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താൻ കമാൻഡോകൾ ഉപയോഗിച്ചത് തെർമൽ ഇമേജിങ് ടെക്നോളജിയായിരുന്നു. ശേഷം പാക് ഭീകരരെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയത് സേനയും.