തിരിച്ചടിച്ച് മണികൂറുകൾ കഴിയും മുമ്പേ വീണ്ടും ആക്രമണം; രണ്ടും കൽപ്പിച്ച് പാകിസ്ഥാൻ, വിട്ടു കൊടുക്കാതെ ഇന്ത്യൻ സൈന്യം

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (08:17 IST)
ബി എഫ് എസ് താവളത്തിനു നേരെ വെടിവെപ്പ് നടത്തിയ പാക് സൈനികർക്കെതിരെ തിരിച്ചടിച്ച് മണിക്കൂറുകൾ കഴിയും മുമ്പേ ഇന്ത്യൻ സൈന്യത്തിന് നേരെ വീണ്ടും ആക്രമണം. വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സേനക്ക് നേരെ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിന് ഇന്ത്യൻ നൽകിയ മറുപടി തിരിച്ചടിയായിരുന്നു. ആക്രമണത്തിൽ ഒരു പാക് ഭീക‌രനും ഏഴ് പാക് സൈനികരും കൊല്ലപെട്ടു. 
 
തിരിച്ചടിക്ക് ശേഷം ആര്‍ എസ് പുരയിലാണ് വെള്ളിയാഴ്ച രാത്രി വെടിവെപ്പ് നടന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.  പ്രദേശത്തെ ജനങ്ങളോട് വിടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബി എസ് എഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആവശ്യമെങ്കിൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാനും തീരുമാനങ്ങൾ നടക്കുന്നുണ്ട്.
 
ഇന്ത്യൻ സൈനികപോസ്റ്റുകൾ ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാവിലെ പാക്ക് സേന നടത്തിയ ആക്രമണത്തെ പ്രതിരോധിച്ച് ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഒരു ബി എസ് എഫ് പ്രവർത്തകനും ആക്രമണത്തിൽ പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഹിരാനഗറിൽ സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തെ ബി എസ് എഫ് തകർത്തിരുന്നു. ആക്രമണത്തെ തുടർന്ന് കശ്മീരിൽ സൈന്യം അതീവജാഗ്രത തുടരുകയാണ്.
 
പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം അതിർത്തിയിൽ പാക്ക് സൈനികർ പലതവണ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. 30 ലധികം തവണ കരാർ ലംഘിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യ നടത്തിയ വെടിവെയ്പ്പില്‍ ഒരു പാക് പൗരന്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് പാകിസ്താന്‍ ഇന്നലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. 
Next Article