12 മിറാഷ് ജെറ്റ് വിമാനങ്ങൾ, 1000 കിലോ ബോംബ്, 300 മരണം - 21 മിനിറ്റ് നീണ്ട തിരിച്ചടിയില്‍ ഞെട്ടിവിറച്ച് പാകിസ്ഥാന്‍!

ചൊവ്വ, 26 ഫെബ്രുവരി 2019 (09:49 IST)
പുല്‍‌വാമ ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ മുഹമമ്മദിന്റെ ഭീകരക്യാമ്പുകള്‍ തകര്‍ത്തു.

ചൊവ്വാഴ്‌ച പുലര്‍ച്ച മൂന്നരയോടെ പൂഞ്ച് മേഖലയ്‌ക്കപ്പുറത്താണ് ആക്രമണമുണ്ടായത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളില്‍ വര്‍ഷിച്ചത്.

ഇന്ന് പൂലർച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്. ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളാണ് ആക്രമിച്ചത്. 21 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിന് ശേഷം രാവിലെ അഞ്ചോടെ അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ വ്യോമ സേന വിമാനങ്ങള്‍ ഇന്ത്യയിലെത്തുകയും ചെയ്‌തു.

വ്യോമസേന ആക്രമണത്തില്‍ ബാലകോട്ടിൽ വൻ നാശനഷ്‌ടമുണ്ടായതാണ് സൂചന. മുന്നോറോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്.

ആക്രമണം നടത്തിയ ഇന്ത്യയുടെ ജെറ്റ് വിമാനങ്ങൾ യാതൊരു കേടുപാടുകളുമില്ലാതെ മടങ്ങിയെത്തി. തിരിച്ചടിക്ക് പിന്നാലെ ജമ്മു കശ്‌മീരില്‍ സുരക്ഷ ശക്തമാക്കി. ന്യൂഡല്‍ഹിയിലും സുരക്ഷയേര്‍പ്പെടുത്തി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യ അതിര്‍ത്തി കടന്നുവെന്ന് പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വറ്ററിലൂടെ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. ഇതിനിടെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍