ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ പാക് അതിർത്തി ലംഘിച്ചു, സ്ഫോടക വസ്തുക്കൾ വിതറി; ആരോപണവുമായി പാകിസ്ഥാന്‍
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം താറുമാറായ പാകിസ്ഥാന്‍ പുതിയ ആരോപണവുമായി രംഗത്ത്. ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്ന് പാക് അധികൃതര്‍ വ്യക്തമാക്കി.
പുലർച്ചെ നാലു മണിക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയിൽ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചു. പാക് വ്യോമസേന പ്രതികരിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ വിമാനങ്ങൾ തിരിച്ചു പറക്കുകയായിരുന്നുവെന്ന് പാക് കരസേനാ വക്താവ് മേജർ ആസിഫ് ഗഫൂർ പറഞ്ഞു.
തിരികെ പറന്ന ഇന്ത്യൻ വിമാനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ താഴെ വീണു. പാകിസ്ഥാനിലെ ബലാകോട്ടിലാണ് സ്ഫോടക വസ്തുക്കൾ വീണത്. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും പാക് അധികൃതർ പറയുന്നു.
ട്വറ്ററിലൂടെയാണ് ആസിഫ് ഗഫൂർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സംഭവത്തെ കുറിച്ച് ഇന്ത്യൻ അധികൃതരോ വ്യോമസേനയോ പ്രതികരിച്ചിട്ടില്ല.