പാകിസ്ഥാന്‍ കരുതിയിരുന്നോളൂ, ഇന്ത്യ പണിയാരംഭിച്ചു; വെള്ളിയാഴ്‌ച രാത്രി കശ്‌മീരില്‍ എത്തിയത് 100 കമ്പനി കേന്ദ്രസേന

ശനി, 23 ഫെബ്രുവരി 2019 (12:29 IST)
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്‌മീരില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. വെള്ളിയാഴ്‌ച രാത്രി 100 കമ്പനി കേന്ദ്രസേനയെ വിമാനമാര്‍ഗം എത്തിച്ചു.

വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം കശ്‌മീര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്ന സാഹചര്യത്തില്‍ കശ്‌മീരില്‍ ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കേന്ദ്രസേനയെ എത്തിച്ചത്.

കശ്മീരിലെ മറ്റ് വിഘടനവാദികളായ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെയും കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

തുടര്‍ച്ചയായ അറസ്‌റ്റുകള്‍ പ്രതിഷേധത്തിന് വഴിയൊരുക്കുമെന്ന് കണ്ടാണ് 100 കമ്പനി അധിക സൈനികരെ അടിയന്തിരമായി എത്തിച്ചത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

അതേസമയം, ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പരുക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാനുള്ള സൌകര്യങ്ങള്‍ ആശുപത്രികളില്‍ ചെയ്‌തു കഴിഞ്ഞു. ഇത് സംബന്ധിച്ച് ആശുപത്രികള്‍ക്ക് കത്തു നല്‍കി. ഓരോ ആശുപത്രിയും കുറഞ്ഞത് 25 ബെഡ്ഡ് സൈനികര്‍ക്കായി മാറ്റിവയ്‌ക്കണമെന്നാണ് നിര്‍ദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍