ഇന്ത്യ - പാകിസ്ഥാന്‍ മത്സരം: ഐസിസിക്ക് ആശ്വാസമായി ഗാവസ്‌കറുടെ വാക്കുകൾ, അമ്പരപ്പോടെ രാജ്യം

വെള്ളി, 22 ഫെബ്രുവരി 2019 (08:42 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഒരു വിഭാഗം ആരാധകരെ സന്തോഷിപ്പിക്കയും മറ്റൊരു പക്ഷത്തെ നിരാശപ്പെടുത്തുന്നതുമാണ് ഈ ആവശ്യം. 
 
പാകിസ്ഥാനെതിരെ കളിക്കരുത് എന്ന് പ്രമുഖരടക്കം പലരും പറയുമ്പോൾ വ്യത്യസ്തമാകുന്നത് മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗാവസ്കറുടെ നിലപാടാണ്. പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറിയാൽ നഷ്ടം ടീമിനു തന്നെയായിരിക്കുമെന്ന് ഗാവസ്കർ മുന്നറിയിപ്പു നൽകി. 
 
മൽസരം ബഹിഷ്കരിച്ച് രണ്ടു പോയിന്റ് എതിരാളികൾക്കു സമ്മാനിക്കുന്നതിനു പകരം, കളിച്ചു തോൽപ്പിച്ച് അവരുടെ മുന്നേറ്റം തടയണമെന്നാണ് സുനിൽ ഗാവാസ്കർ പറയുന്നത്. മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന ആവശ്യമുയർത്തി മുൻ താരം ഹർഭജൻ സിങ്, ഗാംഗുലി തുടങ്ങിയവർ രംഗത്ത് വന്നതിനു പിന്നാലെയാണ് ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് ഗാവാസ്കർ സ്വീകരിച്ചത്.
 
‘പാക്കിസ്ഥാനെതിരായ മൽസരത്തിൽ കളിക്കുന്നില്ലെന്ന് ഇന്ത്യ തീരുമാനിച്ചാൽ ആരാണു ജയിക്കുക? ഒരു സംശയവും വേണ്ട, പാക്കിസ്ഥാൻ തന്നെ. കാരണം, കളത്തിലിറങ്ങാതെ അവർക്കു രണ്ടു പോയിന്റാണ് ഇതിലൂടെ ലഭിക്കുന്നത്’- ഗാവാസ്കർ പറഞ്ഞു. 
 
കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ പാകിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറുമെന്ന് ബിസിസിഐയിലെ ഒരു ഉന്നതന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
 
പാകിസ്ഥാനെതിരെ കളിക്കണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാവത്ത സാഹചര്യത്തില്‍ എന്തിന് ക്രിക്കറ്റ് കളിക്കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
 
മത്സരത്തില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. നിലവിലെസാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍