ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ പുറത്താക്കണം; ഐസിസിക്ക് കത്ത് നല്‍കും - കടുത്ത നിലപാടുമായി ഇന്ത്യ
വ്യാഴം, 21 ഫെബ്രുവരി 2019 (14:02 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ശക്തമായ നിലപാടുമയി ബിസിസിഐ.
2019 ഏകദിന ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ മാറ്റി നിര്‍ത്തണമെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക ഭരണ നിര്‍വ്വഹണ സമിതി ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് ബിസിസിഐ കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ്.
വിനോദ് റായ് അധ്യക്ഷനായ ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ അംഗീകാരത്തോടെ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയുടെ ഓഫീസാണ് കത്ത് തയ്യാറാക്കിയത്. ഉടന്‍ തന്നെ കത്ത് ഐസിസിക്ക് കൈമാറും. പാകിസ്ഥാനെ വിലക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പിന്മാറേണ്ട സാഹചര്യത്തിലേക്ക് നീങ്ങുമെന്നും കത്തില്‍ പറയുന്നു.
ലോകകപ്പിന് മുന്നോടിയായി എല്ലാ അംഗരാജ്യങ്ങള്‍ക്കുമുള്ള ശില്‍പ്പശാല ഐസിസി ആരംഭിക്കാനിരിക്കെയാണ് ഇന്ത്യ നിലപാട് ശക്തിപ്പെടുത്തിയത്. അതേസമയം, പാകിസ്ഥാനെതിരെ ലോകകപ്പ് കളിക്കേണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൌരവ് ഗാംഗുലി വ്യക്തമാക്കി.
ക്രിക്കറ്റ് മാത്രമല്ല, പാകിസ്ഥാനെതിരായ ഫുട്‌ബോളും ഹോക്കിയുമടക്കമുള്ള എല്ലാ മത്സരങ്ങളില്‍ നിന്നും ഇന്ത്യ വിട്ടു നില്‍ക്കണം. ലോകകപ്പില്‍ പത്ത് ടീമുകളാണ് മത്സരിക്കാന്‍ ഉണ്ടാകുക. ഒരു എല്ലാ ടീമിനെതിരെയും കളിക്കേണ്ടിവരും. അതിനാല്‍ ഇന്ത്യ ഒരു മത്സരം കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യയില്ലാതെ ഒരു ലോകകപ്പ് നടത്തുക ഐസിസിക്ക് എളുപ്പമല്ല. ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതില്‍ നിന്ന് ഐസിസിയെ വിലക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ടോയെന്ന് കണ്ടറിയാമെന്നും ഗാംഗുലി പറഞ്ഞു.
എന്നാല്‍ മത്സരത്തില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.