അഴിമതി കേസില്‍ നവാസ് ഷെരീഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തിങ്കള്‍, 25 ഫെബ്രുവരി 2019 (17:32 IST)
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും, പിഎംഎന്‍എല്‍ നേതാവുമായ നവാസ് ഷെരീഫിന്റെ ജാമ്യാപേക്ഷ കോടതി തളളി. അല്‍ അസീസിയാ സ്റ്റീല്‍മില്‍സ് അഴിമതി കേസില്‍ 10 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഷെരീഫിനെ രോഗാവസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈദ്യപരിശോധന ആവശ്യപ്പെട്ടായിരുന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
 
ഇസ്ലാമബാദ് ഹൈക്കോടതിയിലായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജസ്റ്റിസ്സുമാരായ അമീര്‍ ഫറൂക്കും മോഷിന്‍ അക്തര്‍ കയാനിയുമാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഹാന്‍ അബ്ബാസിയും, മുന്‍ വിദേശകാര്യ മന്ത്രി ഖവാജ ആസിഫും ഉള്‍പ്പെടെ നിരവധി  പിഎംഎന്‍എല്‍ നേതാക്കളും വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ എത്തിയിരുന്നു. വിധിയില്‍ എല്ലാവരും നിരാശരാണെന്നും ഇവര്‍ മാധ്യങ്ങളോട് പ്രതികരിച്ചു. 
 
ഷെരീഫിന് ഹൃദയസംബന്ധമായ ഗുരുതര അസുഖങ്ങളുണ്ടെന്ന് വൈദ്യപരിശോധനാ സംഘം രണ്ടാഴ്ച്ചയ്ക്കു മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്  അടിയന്തര നടപടിക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഷെരീഫിനെ ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി മകള്‍ മറിയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലാഹോറിലെ കോട്ട് ലാഖ്പത്ത് കോടതിയിലാണ് ഷെരീഫ് കഴിഞ്ഞിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍