അശ്ലീല എസ്‌എംഎസ് അയച്ച പോലീസ് കോണ്‍സ്‌റ്റബിളിനെ സ്‌റ്റേഷനില്‍ കയറി ഇടിച്ചു. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. രാമപ്പയെന്ന(45) പൊലീസുകാരനെയാണ് വീട്ടമ്മ കൈവെച്ചത്. ഇന്‍സ്‌പെക്‌ടറുടെ മുന്നിലിട്ടാണ് ശകുന്തളാ ഷെട്ടി എന്ന 40 കാരിഇയാളെ കൈകാര്യം ചെയ്‌തത്.
സാഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്താണ് ശകുന്തളാ ഷെട്ടിയും കുടുംബവും താമസം. വെള്ളിയാഴ്‌ചയാണ് ശകുന്തളയ്‌ക്ക് രാമപ്പ അശ്ലീല മെസേജ് അയച്ചത്. എസ്‌എംഎസ് കിട്ടിയതിന്റെ തൊട്ടു പിന്നാലെ ഭര്‍ത്താവുമായി സാഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ശകുന്തള നിയമപരമായി പരാതി നല്‍കി. ഈ സമയത്ത് രാമപ്പ സ്‌റ്റേഷനിലുണ്ടായിരുന്നു.
ഇയാളെ കണ്ട് കലി കയറിയ ശകുന്തള ഇന്‍സ്‌പെക്‌ടറും മറ്റ് പോലീസുകാരും നോക്കി നില്‍ക്കെ കാലില്‍ കിടന്ന ചെരുപ്പൂരി രാമപ്പയെ അടിക്കുകയായിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തില്‍ രാമപ്പയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. നേരത്തേയും സമാന കേസിന് രാമപ്പയെ ഉന്നതര്‍ താക്കീത് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ സഹപ്രവര്‍ത്തകയ്‌ക്ക് തന്നെ ഇത്തരം മെസേജ് അയച്ച് രാമപ്പ കുടുങ്ങിയിട്ടുണ്ട്. ഇതിന് ഹോസന നഗറിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്‌ഫര്‍ നല്‍കുകയും ചെയ്തിരുന്നു.