ഡല്‍ഹിയില്‍ അഫ്‌ഗാന്‍ സ്വദേശിയുടെ വയറ്റില്‍ നിന്ന് ഹെറോയിന്‍ പുറത്തെടുത്തു

Webdunia
വ്യാഴം, 14 മെയ് 2015 (16:51 IST)
ഡല്‍ഹിയി സ്ഫ്ഗാന്‍ സ്വദേശിയുടെ വയറ്റില്‍ നിന്ന് മൂന്ന് കോടിയുടെ ഹെറോയിന്‍ ഗുളികകള്‍ പുറത്തെടുത്തു. നൂര്‍ അമീര്‍ എന്ന അഫ്‌ഗാന്‍ സ്വദേശിയുടെ വയറ്റില്‍ നിന്നാണ്‌ കോടികള്‍ വിലയുള്ള മയക്കുമരുന്ന്‌ കണ്ടെത്തിയത്‌. ഡല്‍ഹിയിലെ ലജ്‌പത്‌ നഗറില്‍ താമസിച്ചിരുന്ന ഇയാളെ കസ്‌തൂര്‍ബ നികേതന്‌ സമീപത്ത്‌ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസെത്തി ഇയാളെ ആശുപത്രയിലേക്ക്‌ മാറ്റുകയായിരുന്നു. ആദ്യം ഡോക്‌ടറെ കാണാന്‍ വിസമ്മതിച്ച ഇയാള്‍ പിന്നീട്‌ സമ്മതിച്ചു. തനിക്ക് വയറിളക്കാന്‍ മരുന്ന് നല്‍കണമെന്നും മറ്റ് ചികിത്സകളൊന്നും വേണ്ടെന്നും ഇയാള്‍ അബോധാവസ്ഥയില്‍ പൊലീസിനൊട് പറഞ്ഞിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസുദ്യോഗസ്ഥര്‍ ഇയാളുടെ ശരീരം സ്കാന്‍ ചെയ്തപ്പോളാണ് വയറ്റില്‍ ഗുളികകള്‍ കണ്ടെത്തിയത്.നൂര്‍ അമീറിന്റെ വയറ്റില്‍ നിന്ന്‌ കണ്ടെത്തിയത്‌ 95ഗുളികകളായിരുന്നു.

കൂടുതല്‍ പരിശോധന നടത്തിയപ്പോളായിരുന്നു ഇത് ഹെറോയിന്‍ ആണെന്ന് മനസിലായത്. തുടര്‍ന്ന് ഇത് വയറിളക്കി പുറത്തെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ അഫ്‌ഗാനിസ്‌ഥാനില്‍ നിന്ന്‌ മയക്കുമരുന്നു കടത്തുന്ന ക്യാരിയറാണ് എന്ന് സമ്മതിച്ചു. ഹെറോയിന്‍ ഗുളിക വിഴുങ്ങി ഇന്ത്യയിലേക്ക്‌ മയക്കുമരുന്ന്‌ കടത്ത്‌ വ്യാപകമാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പൂര്‍ണ്ണ ശരീര സ്‌കാനിംഗ്‌ ഇല്ലാത്തതിനാല്‍ വയറ്റില്‍ ഹെറോയിന്‍ ഗുളികയുമായി എത്തുന്നവര്‍ രക്ഷപെടുകയാണ്‌ പതിവ്‌. വയറ്റില്‍ ഹെറോയിന്‍ ഗുളികയുമായി എത്തുന്നവര്‍ പിന്നീട്‌ വയറിളക്കി അവ പുറത്തെടുക്കുകയാണ്‌ മയക്കുമരുന്ന്‌ മാഫിയ ചെയ്യുന്നത്‌.