ഗുല്‍ബര്‍ഗ് കൂട്ടക്കൊല; ശിക്ഷ ഇന്ന് വിധിക്കും, പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

Webdunia
വെള്ളി, 17 ജൂണ്‍ 2016 (08:47 IST)
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിന്റെ ശിക്ഷാവിധി കോടതി ഇന്നു പ്രഖ്യാപിക്കും. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് രാവിലെ പതിനൊന്നു മണിയോടെ വിധി പ്രഖ്യാപിക്കുക. ജഡ്ജി പിബി ദേശായിയാണ് ശിക്ഷാവിധി പ്രസ്താവിക്കുന്നത്. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേര്‍ക്കെതിരായ ശിക്ഷയാണ് കോടതി പ്രഖ്യാപിക്കുക.

ഈ മാസം രണ്ടിന് വിധി പറഞ്ഞ കേസില്‍ 24 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 36 പേരെ വെറുതെ വിട്ടിരുന്നു. ബിജെപി നേതാവ് ബിബിന്‍ പട്ടേലിനെ വെറുതെ വിട്ടു. വിഎച്ച്പി നേതാവ് അതുല്‍ വേദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 13 പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ 24 പേരെയാണ് പ്രത്യേക കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്.  കേസിന്റെ വിചാരണ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് വിധി പ്രഖ്യാപിക്കല്‍ മൂന്ന് തവണയും മാറ്റിവച്ചത്.
Next Article