ഗുജറാത്തില്‍ ബിജെപിക്ക് ആറാമൂഴം; ഹിമാചലില്‍ താമര വിടര്‍ന്നു - രാഹുല്‍ മാജിക്കില്‍ കൈയടി നേടി കോണ്‍ഗ്രസ്

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (20:20 IST)
തുടര്‍ച്ചയായ ആറാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഭരണമുറപ്പിച്ചത്. അതേസമയം, ഹിമാചല്‍ പ്രദേശില്‍ ശക്തമായ വിജയമാണ് അമിത് ഷായും കൂട്ടരും സ്വന്തമാക്കിയത്.

രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെ‍ങ്കിലും 99 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് ബിജെപി ഭരണം ഉറപ്പിച്ചത്. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ 80  സീറ്റുകളില്‍ ജയം നേടാനാ‍യത് കോണ്‍ഗ്രസിന് നേട്ടമായി. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്. 49.1 ശതമാനമാണ് ബിജെപിയുടെ വോട്ടുവിഹിതം. കോൺഗ്രസിന് കിട്ടിയത് 41.4 ശതമാനം.

68 സീറ്റുകളുള്ള ഹിമാചലില്‍ കോണ്‍ഗ്രസിനെ അപ്രസക്‍തമാക്കാന്‍ ബിജെപിക്കായി. 44 സീറ്റുകളില്‍ ബിജെപി ജയം നേടിയപ്പോള്‍ 21 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. സിപിഎം സ്ഥാനാർഥി രാകേഷ് സിൻഹയുടെ വിജയം അപ്രതീക്ഷിതമാണ്. ഒരു സ്വതന്ത്രനും ജയിച്ചുകയറി. 48.7 ശതമാനം വോട്ടുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് കിട്ടിയത് 41.8 ശതമാനം.

ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ദൂമല്‍ തോറ്റത് ബിജെപിക്ക് തിരിച്ചടിയായി. അതേസമയം, ഗുജറാത്തില്‍ വോട്ട് നിലയും സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞത് കോണ്‍ഗ്രസിന് നേട്ടമായി. കഴിഞ്ഞതവണ 61 സീറ്റുകളുണ്ടായിരുന്ന അവസ്ഥയില്‍ നിന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മെച്ചപ്പെട്ട നിലയില്‍ എത്തിച്ചേര്‍ന്നത്.

ഗ്രാമീണ മേഖലയില്‍ കര്‍ഷകര്‍ ബിജെപിക്കെതിരെ വോട്ട് ചെയ്തപ്പോള്‍ ഒബിസി വിഭാഗം ബിജെപിക്കൊപ്പം നിന്നു. അതേസമയം പട്ടികജാതി വിഭാഗങ്ങള്‍ ബിജെപിയെ കൈവിട്ടു. 2019ലെ ലോക്‍സഭ തെരഞ്ഞെടുപ്പ് ബിജെപിക്കും നരേന്ദ്ര മോദിക്കും നിര്‍ണയാകമായിരിക്കെ ഗുജറാത്തിലെ ഫലം അമിത് ഷായുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയുണ്ടാക്കി.

(അന്തിമഫലത്തിൽ മാറ്റങ്ങൾ വന്നേക്കാം).

അനുബന്ധ വാര്‍ത്തകള്‍

Next Article