വിഘടനവാദികള്‍ക്കും പാസ്പോര്‍ട്ടിനുള്ള അവകാശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് എല്ലാ ഇന്ത്യന്‍ പൗരന്‍മാരുടെയും അവകാശമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിഘടനവാദി നേതാവ് സെയ്‌ദ് അലി ഷാ ഗിലാനിയുടെ പാസ്‌പോര്‍ട്ട് അപേക്ഷ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ പതിവാക്കിയ സെയ്‌ദ് അലി ഷാ ഗിലാനിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹത്തിന് പാസ്‌പോര്‍ട്ട് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കശ്‌മീര്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഗിലാനി ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഈ വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം. മകളെ കാണുന്നതിന് സൗദിയിലേക്ക് പോകുന്നതിനാണ് ഗിലാനി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്.