ഇതാണോ ബിജെപിയുടെ രാജ്യസ്‌നേഹം ?; ജവാന്റെ മകളെ ഗുജറാത്ത് മുഖ്യമന്ത്രി നോക്കിനില്‍ക്കെ പൊലീസ് വലിച്ചിഴച്ചു

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (14:07 IST)
കശ്മീരില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ മകള്‍ക്ക് നേര്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി നോക്കി നില്‍ക്കെ പൊലീസിന്റെ അതിക്രമം. വെള്ളിയാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയോട് അനുബന്ധിച്ച് ഒരുക്കിയ ചടങ്ങിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

2002ല്‍ കശ്മീരില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ അശോക് തദ്വിയുടെ മകള്‍ രൂപല്‍ തദ്വിക്ക് നേര്‍ക്കാണ് പൊലീസിന്റെ അതിക്രമം ഉണ്ടായത്.

ബിജെപിയുടെ ശക്തി കേന്ദ്രമായ കെവാഡിയ കോളനിയിലെ പ്രചാരണ വേദിയില്‍ രൂപാണി പ്രസംഗിക്കുമ്പോള്‍ രൂപല്‍ വേദിയിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. തനിക്ക് മുഖ്യമന്ത്രിയെ കാണണമെന്നും സംസാരിക്കാനുണ്ടെന്നും യുവതി പറഞ്ഞെങ്കിലും പൊലീസ് തടഞ്ഞു.

രൂപല്‍ ആവശ്യം ശക്തമാക്കിയതോടെ മുഖ്യമന്ത്രി നോക്കി നില്‍ക്കെ ജവാന്റെ മകളെ പൊലീസ് വലിച്ചിഴച്ച് വേദിയില്‍ നിന്നും പുറത്താക്കി. തന്നെ തടയരുതെന്നും ആവശ്യങ്ങള്‍ പറയാനുണ്ടെന്നും 26കാരിയായ യുവതി പറഞ്ഞുവെങ്കിലും വിജയ് രൂപാണിയും പൊലീസും ചെവിക്കൊണ്ടില്ല.

വനിത പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി നോക്കി നില്‍ക്കെ രൂപലിനെ വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീഡിയോ ട്വീറ്റ് ചെയ്‌തു. ബിജെപിയുടെ അഹങ്കാരം കൊടുമുടിയില്‍ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article