യുദ്ധക്കളമായി ഡൽഹി, ചെങ്കോട്ടയിലും പ്രതിഷേധക്കാർ, കർഷകരും പോലീസും നേർക്കുനേർ, ഒരു കർഷകൻ മരണപ്പെട്ടു

ചൊവ്വ, 26 ജനുവരി 2021 (14:01 IST)
കർഷകപ്രതിഷേധത്തിനിടെ ഡൽഹിയിൽ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സമാധാനപരമായി നീങ്ങിയ ട്രാക്‌ടർ റാലിയിലും പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളമായി മാറി.
 
റാലിക്കിടെ പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവർക്ക് നേരെ ലാത്തി‌വീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അതേസമയം കർഷകസമരത്തിനിടെ ഒരു കർഷകൻ മരണപ്പെട്ടു. ട്രാക്ടർ മറിഞ്ഞുവീണായിരുന്നു മരണമെന്ന് പോലീസ് പറഞ്ഞു. എന്നാൽ പോലീസ് അതിക്രമത്തിനിടെയായിരുന്നു മരണമെന്നാണ് കർഷകർ പറയുന്നത്.
 
അതേസമയം സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ ഇടിച്ചുകയറിയ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അനുവാദമില്ലാത്ത റൂട്ടിലൂടെയാണ് കര്‍ഷകര്‍ ട്രാക്‌ടർ റാലിയുമായി മുന്നേറുന്നത്.കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്‌റ്റേഷനും ഗീന്‍ ലൈനിലെ സ്‌റ്റേഷനുകളും അടച്ചു. ഡല്‍ഹിയിലേക്കുളള റോഡുകളും അടച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍