തൂത്തുക്കുടി: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മാലദ്വീപ് മുൻ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. ചരക്കുകപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഹ്മദ് അദീപ് അബ്ദുല്‍ ഗഫൂർ തൂത്തുക്കുടിയിൽവച്ച് പിടിയിലായത്. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് രഹസ്യാൻവേഷണ വിഭാഗം ഇയാളെ പിടികൂടുകയായിരുന്നു.
ചരക്കുകപ്പലിലെ ജീവനക്കാരൻ എന്ന വ്യാജേനയാണ് ഗഫൂർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. പാസ്‌പോർട്ട് ഉൾപ്പടെയുള്ള യാതൊരു രേഖകളും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. മലദ്വീപിലെ ഒരു ഉന്നത രാഷ്ട്രീയ നേതവ് ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചത് എന്തിനെന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുകയാണ്.
മാലിദ്വീപിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉള്ളതിനാൽ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ മാലദ്വീപ് സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാണ് റിപ്പോർട്ടുകൾ. 2015 ജൂലൈയിലാണ് ഗഫൂർ മലദ്വിപിന്റെ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. അതേവർഷം നവംബറിൽ അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്താവുകയും ചെയ്തു.