ദയാവധം: സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

Webdunia
വ്യാഴം, 17 ജൂലൈ 2014 (09:33 IST)
ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ഈ വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ ടിഎസ് അന്ത്യാര്‍ജുനയെ നിയമിച്ചിട്ടുമുണ്ട്. 
 
ദയാവധത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേള്‍ക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ആര്‍എം ലോധ പറഞ്ഞു. ഭരണഘടനാപരവും ധാര്‍മികവും മതപരവും വൈദ്യശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ അടങ്ങിയതാണ് വിഷയം. ദയാവധത്തിന് അനുമതി നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള വഴികള്‍ എന്തൊക്കെയായിരിക്കണമെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. 
 
വേദന കുറച്ച് ജീവിതം അവസാനിപ്പിക്കാനുള്ള മാര്‍ഗമേതാണെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ലോകത്താകമാനം ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഏകാഭിപ്രായം വന്നിട്ടില്ല. ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കകൊണ്ടുമാത്രം അത് നിയമവിധേയമാക്കുന്നത് തടയാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. 
 
ദയാവധം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നിയമസഭകളാണ് തീരുമാനമെടുക്കേണ്ടത്, കോടതിയല്ല. ദയാവധം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ ബലാത്സംഗത്തെത്തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി ആസ്പത്രിയില്‍ ജീവച്ഛവമായി കഴിയുന്ന അരുണ ഷോണ്‍ബാഗിന് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി മറ്റൊരു ബെഞ്ച് നേരത്തേ തള്ളിയിരുന്നു. 
 
എന്നാല്‍, ദയാവധം ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗബെഞ്ചിനെ അറിയിച്ചു. ആത്മഹത്യയുടെ മറ്റൊരു രൂപമാണ് ദയാവധം. രാജ്യത്ത് ആത്മഹത്യ നിയമവിരുദ്ധമാണ്. ദയാവധം അനുവദിച്ചാല്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 
 
ജസ്റ്റിസുമാരായ ജെഎസ് കേഹര്‍, ജെ ചെലമേശ്വര്‍, എകെ സിക്രി, ആര്‍എഫ് നരിമാന്‍ എന്നിവര്‍കൂടി ഉള്‍പ്പെടുന്നതാണ് അഞ്ചംഗ ബെഞ്ച്. സന്നദ്ധസംഘടനയായ 'കോമണ്‍ കോസാ'ണ് ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.