നിങ്ങള്‍ പഠിപ്പുള്ള പെണ്ണാണൊ? എങ്കില്‍ നിങ്ങള്‍ക്ക് ചെറുക്കനെ കിട്ടില്ല!!!

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2015 (18:39 IST)
ഇന്ത്യയില്‍ സ്ത്രീ പുരുഷ അനുപാതം വളരെ കുറവാണ് എന്നത് സര്‍ക്കരിനെ അലോസരപ്പെടുത്തുന്ന കാര്യമാണ്. പെണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രാജ്യത്ത് ആണ്‍കുട്ടികളുടെ എണ്ണം. വിവാഹവും സ്ത്രീധനവും, മറ്റ് ജാ‍തി അനാചാരങ്ങളും മൂലം പലരും പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വച്ചുതന്നെ ഇല്ലാതാക്കുന്നു. എന്നല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ വീണ്ടും പ്രശ്നമായിത്തുടങ്ങിയിരിക്കുകയാണ്. ഇത്തവണ വില്ലനായിരിക്കുന്നത് സ്ത്രീ ശാക്തീകരണമാണെന്നു മാത്രം.
 
സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. വിദ്യാഭ്യാസം നേടി പെണ്‍കുട്ടീകള്‍ വളര്‍ന്നപ്പോള്‍ ആണ്‍കുട്ടികള്‍ പലരും ചെറുപ്പത്തിലെ വിദ്യാഭ്യാസം ഉപേക്ഷിച്ച് തൊഴില്‍ തേടിപ്പോയി. ഇതൊടെ പെണ്‍കുട്ടികളേക്കാള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ താഴെയാണ് ഇന്ത്യയിലെ പല യുവാക്കളും. 2050 ആകുമ്പോഴേക്കും ഇത് വളരെയധികമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യനായ വരനെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.
 
ഡെമോഗ്രഫി മാഗസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നിലവിലെ സാമൂഹിക വ്യവസ്ഥിതി തുടരുകയാണെങ്കില്‍ വിദ്യാഭ്യാസമുള്ള സ്ത്രീ- പുരുഷന്‍മാരുടെ അനുപാതത്തില്‍ വളരെയധികം വ്യത്യാസമുണ്ടാകുമെന്നാണ് മാഗസിന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. നിലവിലെ വ്യവസ്ഥിതിയില്‍ തങ്ങളെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരും പ്രായത്തില്‍ ഇളപ്പമുള്ളവരുമായ സ്ത്രീകളെയാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ ജീവിത പങ്കാളികളായി തെരഞ്ഞെടുക്കുന്നത്. അതിനാലാണ് ഈ പ്രതിസന്ധിയുണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. 
 
45നും 49നും ഇടയില്‍ വിവാഹം കഴിക്കാത്ത സ്ത്രീകളുടെ എണ്ണം 2010ലെ 0.07 ശതമാനത്തില്‍ നിന്നും 9 ശതമാനമായി വര്‍ധിക്കുമെന്നും പഠനത്തില്‍ പറയുന്നു.എന്നാല്‍ വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍ക്കിടയിലും അവിവാഹിതരുടെ എണ്ണം വര്‍ധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. കസ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ദ സെന്റര്‍ ഫോര്‍ ഡെമോഗ്രഫിക്- ബാഴ്‌സലോണ, മിനസോട്ട പോപ്പുലേഷന്‍ സെന്റര്‍- യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പഠനത്തില്‍ പങ്കാളികളായി.
 
ദേശീയ കുടുംബ ആരോഗ്യ സര്‍വേ (2005-06), ഇന്ത്യ സാമൂഹിക- സാമ്പത്തിക സര്‍വേ (1999, 2004) എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. 2050 ആകുമ്പോഴേക്കും 25നും 29നും ഇടയ്ക്ക് പ്രായമുള്ള ബിരുദധാരികളായ സ്ത്രീകള്‍ക്ക് അതേ വിദ്യാഭ്യാസ യോഗ്യതയുള്ള 92 പുരുഷന്‍മാരായിക്കും ഉണ്ടായിരിക്കുക എന്ന് ഗവേഷകര്‍ പറയുന്നു. 2010ല്‍ ഇത് 100 സ്ത്രീകള്‍ക്ക് 151 പുരുഷന്‍ എന്നതായിരുന്നു കണക്ക് എന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.