ഒത്തുതീര്‍പ്പു നിര്‍ദ്ദേശം തള്ളി; വെള്ളിയാഴ്ച ദേശീയ പണിമുടക്ക്

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (08:05 IST)
സെപ്റ്റംബര്‍ രണ്ടിന്  തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റി വയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. യൂണിയനുകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ രണ്ട് ആവശ്യങ്ങള്‍ ഒത്തുതീര്‍പ്പ് നീക്കം എന്ന നിലക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്‌ളെന്ന് വ്യക്തമാക്കിയ ട്രേഡ് യൂനിയനുകള്‍ കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് നീക്കത്തിന് വഴങ്ങിയില്ല.  വെള്ളിയാഴ്ചയിലെ അഖിലേന്ത്യാ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നതായി ബിഎംഎസ് ഇതര യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പണിമുടക്കില്‍ പങ്കെടുക്കില്‌ളെന്ന്  ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് അറിയിച്ചു.  
 
തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവെച്ചതില്‍  മിനിമം വേതനം, ബോണസ് എന്നീ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. കാര്‍ഷികേതര തൊഴില്‍ മേഖലയിലെ അവിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ ദിവസക്കൂലി 246 രൂപയില്‍നിന്ന് 350 ആയി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള രണ്ടു വര്‍ഷത്തെ ബോണസ് വിതരണം ചെയ്യും. 33 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ എന്നിവര്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായത്. ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ച സാഹചര്യത്തില്‍ യൂണിയനുകള്‍ സമരത്തില്‍നിന്ന് പിന്മാറണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭ്യര്‍ഥിച്ചു. എന്നാല്‍, തങ്ങള്‍ മുന്നോട്ടുവെച്ച 12 ഇന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് അംഗീകരിക്കാന്‍ തയാറായിട്ടില്ലെന്ന് സിഐടിയു നേതാവ് തപസ് സെന്‍, എഐടിയുസി നേതാവ് ഗുരുദാസ് ദാസ് ഗുപ്ത എന്നിവര്‍ പറഞ്ഞു. 
Next Article