വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കാലാപത്തിൽ കാര്യങ്ങൾ രൂക്ഷമായി മാറാൻ കാരണം ഡൽഹി പൊലീസ് തുടക്കത്തിൽ കാണിച്ച അനാസ്ഥയെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡൽഹി പൊലീസ് അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരാവുകയായിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ അടക്കം സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവരുകയും ചെയ്തു.
സംഘർഷങ്ങൾക്ക് സാധ്യത ഉണ്ട് എന്ന് ആറ് തവണയാണ് ഇന്റലിജെൻസും സ്പെഷ്യൽ ബ്രാഞ്ചും ഡൽഹി പൊലീസിന് വിവരങ്ങൾ കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ടുകൾ ഡൽഹി പൊലീസ് മുഖവിലക്കെടുത്തില്ല. ജനങ്ങളോട് സംഘടിക്കാൻ ബിജെപി നേതാവ് കപിൽ മിശ്ര ആഹ്വാനം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇത് പുറത്തിറങ്ങിയ ഉടൻ തന്നെ അക്രമ സധ്യത ഉണ്ടെന്ന് ആദ്യ റിപ്പോർട്ട് ഡൽഹി പൊലീസിന് നൽകിയിരുന്നു.
എന്നാൽ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു നീക്കവും ഉണ്ടായില്ല. എന്നാൽ പിന്നീട് പല ഇടങ്ങളിലായി അക്രമങ്ങൾ ആരംഭിക്കുകയും നിയന്ത്രിക്കാനാവാത്ത നിലയിലേക്ക് കലാപം വളരുകയുമായിരുന്നു. തുടക്കത്തിൽ പല കലാപ ബാധിത പ്രദേശങ്ങളിലും പൊലീസിന്റെ സാനിധ്യം പോലും ഉണ്ടായിരുന്നില്ല. ഇതോടെ പല ഇടങ്ങളിലേക്കായി കലാപം വ്യാപിച്ചു.
അക്രമം രൂക്ഷമായതോടെ അതിർത്തികൾ അടക്കണം എന്നും കേന്ദ്ര സേനയെ വിന്യസിക്കണം എന്നും ഡൽഹി മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചു എങ്കിലും ഏറെ വൈകിയാണ് ഇക്കാര്യങ്ങൾക്ക് കേന്ദ്ര സർക്കാർ തയ്യാറായത്. അപ്പോഴേക്കും കലാപങ്ങളിൽ മരണം 20 കടന്നിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കൾക്കെതിര കേസെടുക്കാനാകില്ല എന്ന ഡൽഹി പൊലീസിന്റെ നിലപാടും വിവാദമാവുകയാണ്. നേതാക്കൾക്കെതിരെ കേസെടുത്താൽ സമാധാന അന്തരീക്ഷം ഇല്ലാതാകും എന്നാണ് ഡൽഹി പൊലിസ് കോടതിയിൽ വിശദീകരണം നൽകിയത്.