യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ദളിതർക്കു കുളിക്കുന്നതിനായി സോപ്പും ഷാംപൂവും വിതരണം ചെയ്‌ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അതേ നാളയത്തില്‍ തിരിച്ചടി നല്‍കി ദലിത് സംഘടന.
ശുദ്ധിയാകാൻ ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കുമെന്നാണ് ഗുജറാത്തിൽ പുതിയതായി രൂപം കൊണ്ട ഡോ അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്.
സോപ്പ് നിർമാണം തുടങ്ങി. ജൂണ്‍ ഒമ്പതിനു അഹമ്മദാബാദിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സോപ്പ് പ്രദർശിപ്പിക്കും.
ദളിത് വിഭാഗത്തിലെ ഏറ്റവും പിന്നാക്ക സമുദായത്തിൽ നിന്നുള്ള സ്ത്രീയാണ് സോപ്പ് നിർമിക്കുന്നത്. യോഗിയുടെ ജാതീയമായ നിലപാടുകളെ തുറന്നു കാണിക്കാനാണ് ഈ നടപടിയെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
പ്രദർശനത്തിനു ശേഷം സോപ്പ് പായ്ക്ക് ചെയ്തു ആദിത്യാനാഥിന് അയച്ചുകൊടുക്കാനാണ് തീരുമാനമെന്ന് സംഘടനാ പ്രവർത്തകരായ കിരിറ്റ് റാത്തോഡും കാന്തിലാൽ പർമാറും പറഞ്ഞു. സോപ്പിന്റെ കൂടെ ദളിത് വിവേചന വിഷയങ്ങളിൽ നിശബ്ദത പാലിക്കുന്ന ദളിത് എംപിമാർക്കും എംഎൽഎമാർക്കും ചോദ്യാവലി അയച്ചുകൊടുക്കുമെന്നും ഇവര്‍ പറഞ്ഞു.
ദളിതർക്കു കുളിക്കുന്നതിനായി സോപ്പും ഷാംപൂവും വിതരണം ചെയ്‌ത ആദിത്യനാഥിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. സോപ്പും ഷാംപുവും നല്‍കി പരിഹസിച്ച കാര്യം ദളിതർ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.