തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് ജനങ്ങളെ ഭീതിയിലാക്കുന്നു. കൂടൂതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറൻ മേഖലയിലൂടെയാണ് കാറ്റിന്റെ സഞ്ചാരം.
കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവർത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. മിനിക്കോയി, കൽപേനി ദ്വീപുകളില്‍ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഒട്ടേറെ വീടുകള്‍ തകർന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.
കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിന് മുകളിലെത്തിയത്. ലക്ഷദ്വീപിൽ ശനിയാഴ്ച 190 കിമീ വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുണ്ട്. സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനിടെ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു.