നോട്ട് അസാധുവാക്കൽ പരസ്യമായ രഹസ്യമായിരുന്നു? ബാങ്കുകളിൽ നടന്നത് അസാധാരണ നിക്ഷേപം

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (08:44 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തുന്നതിനു തൊട്ടുമുൻപുള്ള മാസം രണ്ടാഴ്ചകൊണ്ട് മൂന്നു ലക്ഷം കോടി രൂപയാണ് ബാങ്കുകളിൽ എത്തിയത്. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്ര വലിയ തുക ബാങ്കിലത്തെിയത്. നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. 
 
2001ലാണ് അവസാനമായി ഇത്രയേറെ തുക ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നത്. അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് മുമ്പത്തെ ഒരാഴ്ചക്കിടെ 1.2 ലക്ഷം കോടിയും ബാങ്കുകളിലത്തെി. അസാധുവാക്കൽ നടപടി ഉടൻ ഉണ്ടാകുമെന്ന് അറിഞ്ഞവർ പണം നേരത്തേ ബാങ്കുകളിൽ നിക്ഷേപിച്ചതാകാം എന്നാണ് അധികൃതർ പറ‌യുന്നത്. 12 വര്‍ഷത്തിനിടെ ശരാശരി നിക്ഷേപത്തില്‍ ഏറ്റവും വര്‍ധനവുണ്ടായതും ഈ ദിവസങ്ങളിലാണ്. ബാങ്കുകളിലേക്ക് ഇത്രയധികം നിക്ഷേപം ഒരുമിച്ച് വന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്കിന് നേരത്തേ വിവരം കിട്ടിയിരുന്നു. എങ്ങനെയാണ് ഇത്രയധികം തുക ബാങ്കുകളിൽ വന്നതെന്നതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരും സാമ്പത്തിക വിദഗ്ധരും ആര്‍ ബി ഐയെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടികൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. 
 
നോട്ട് അസാധുവാക്കൽ നടപടി അറിഞ്ഞവരാണ് ബാങ്കുകളിൽ ഇത്രയധികം പണം നിക്ഷേപിച്ചതെന്ന വാദം റിസർവ് ബാങ്ക് നിഷേധിക്കുകയാണ്. കരുതല്‍ ധനാനുപാതം 100 ശതമാനമാക്കി ഉയര്‍ത്തിയത് സെപ്റ്റംബര്‍ 16നാണെന്നും ഇതാണ് വന്‍തുക ബാങ്കിലത്തൊന്‍ കാരണമെന്നുമാണ് റിസര്‍വ് ബാങ്ക് ഇപ്പോൾ നൽകുന്ന വിശദീകരണം. അസാധാരണ നിക്ഷേപത്തിന് പിന്നില്‍ ദുരൂഹുതയുണ്ടെന്ന വാദം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും തള്ളി. 
Next Article