നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് കോണ്‍ഗ്രസ് സ്ഥാപക ദിനം. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഉയര്‍ത്തിയ പാര്‍ട്ടി പതാക പൊട്ടിവീണു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.
രാവിലെ 9.45ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പതാകാ വന്ദനം നടത്തുന്നതിനിടെയാണ് സംഭവം. സേവാദള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം ദേശീയഗീതാലാപനം നടന്നു. അതിനുശേഷമാണ് സോണിയാ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ വലിച്ചപ്പോള്‍ കെട്ട് പൊട്ടി പതാക സോണിയയുടെ നേര്‍ക്ക് വീഴുകയായിരുന്നു. സേവാദള്‍ പ്രവര്‍ത്തകര്‍ കൊടിമരത്തിന് മുകളില്‍ കയറി പതാക പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.