പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നവ്‌ജോത് സിങ് സിദ്ദു രാജിവെച്ചു. കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും പാർട്ടി പ്രവർത്തനം തുടരുമെന്നും സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ സിദ്ദു പറയുന്നു.
പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും സിദ്ദു രാജിക്കത്തില്‍ പറയുന്നുണ്ട്. സിദ്ദുവും മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങുമായുള്ള തർക്കങ്ങളെ തുടർന്ന് അമരീന്ദര്‍ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടി വന്നിരുന്നു. സിദ്ദുവിനെതിരേ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടുകൊണ്ടാണ് അമരീന്ദര്‍ പദവി ഒഴിഞ്ഞത്.
അമരീന്ദർ ഡൽഹിയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് സിദ്ദുവിന്റെ രാജി. അതേസമയം അമരീന്ദർ സിങിന്റെ ഡൽഹി സന്ദർശനം ബിജെപിയിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമാണോ എന്നും സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുൻപ് സിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സിദ്ദു മുഖ്യമന്ത്രിയാവാതിരിക്കാൻ എന്തും ചെയ്യാൻ തയ്യാറാണെന്നും അമരീന്ദർ വ്യക്തമാക്കിയിരുന്നു.