ചോദ്യപേപ്പറിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ: സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയാ ഗാന്ധി

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (15:25 IST)
ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണമെന്നും സോണിയ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
 
സ്ത്രീ - പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്‌നങ്ങൾക്ക് കാരണം സ്ത്രീ ശാക്തീകരണമാണെന്നും ചോദ്യപേപ്പറിൽ പറയുന്നു. ഇത്തരം നിരീക്ഷണങ്ങളെ വിവരക്കേട് എന്നാണ് സോണിയ വിശേഷിപ്പിച്ചത്.
 
ഒരു പുരോഗമനപരമായ സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവെയ്ക്കുന്നതെന്നും ഈ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും ചോദ്യം പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 
സ്ത്രീ-പുരുഷ തുല്യത ഇല്ലാത്ത കാല‌ത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ - പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍