ഭര്‍ത്താവിന്റെ മാനസിക പീഡനം, കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു, രണ്ടര വയസുള്ള മകനായി തിരച്ചില്‍ തുടരുന്നു
കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് രണ്ടര വയസ്സുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെടുത്തു. ഭര്‍ഠാവിന്റെ മാനസിക പീഡനം മൂലമാണ് റീമ കുഞ്ഞുമായി പുഴയില്‍ ചാടിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടില്‍ നിന്ന് രാത്രി ഒരു മണിയോടെയാണ് റീമ മകനുമായി സ്‌കൂട്ടിയില്‍ സ്ഥലത്തെത്തുകയും മകനെ ബെല്‍റ്റുമായി ശരീരത്തില്‍ ബന്ധിച്ച ശേഷം മകന്‍ റിഷബുമായി പുഴയിലേക്ക് എടുത്തുചാടുകയും ചെയ്‌തെതെന്നാണ് ലഭ്യമാവുന്ന വിവരം.
ഈ സമയം മീന്‍ പിടിക്കാനായി എത്തിയവരാണ് സംഭവം കാണുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. ഫയര്‍ ഫോഴ്‌സ് രാത്രി മുതല്‍ തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും രാവിലെ 9 മണിയോടെയാണ് റീമയുടെ മൃതദേഹം ലഭിച്ചത്. ഭര്‍ത്താവ് കമല്‍രാജില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിമയുടെ സഹോദരി ഭര്‍ത്താവ് പറഞ്ഞു. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റീമ പോലീസ് പരാതി നല്‍കിയിട്ടുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ അവകാശത്തിനായി കമല്‍രാജ് വാശിപിടിച്ചതാണ് റീമയ്ക്ക് മനോവിഷയത്തിന് ഇടയാക്കിയതെന്നും നാട്ടുകാരും പറയുന്നു. വീട്ടില്‍ റീമ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് പഴയങ്ങാടി പോലീസ് പരിശോധിച്ചുവരികയാണ്.