കൊതുകുകടിക്കെതിരെ പ്രതികരിച്ചയാളെ വിമാനത്തില്‍ നിന്നും പുറത്താക്കി; പണിയായത് ‘ഹൈജാക്ക്’ എന്ന വാക്ക്

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (13:21 IST)
കൊതുകുകടി സഹിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ യാത്രക്കാരനെ ഇൻഡിഗോ വിമാനത്തിൽനിന്ന് പുറത്താക്കി. ലക്നൗവിൽനിന്നു ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 541 വിമാനം പറന്നുയരും മുമ്പായിരുന്നു സംഭവം. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ സൗരഭ് റായ് എന്നയാളെയാണ് വിമാന അധികൃതർ പുറത്താക്കിയത്.

വിമാനത്തിനുള്ളില്‍ കൊതുകുകള്‍ ഉണ്ടെന്നും അവയെ ഒഴിവാക്കണമെന്നും സൗരഭ് റായ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇത്  അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ജീവനക്കാര്‍ വിമാനത്തിന്റെ വാതിൽ അടച്ചു. ഈ നടപടിയെ ഡോക്ടറായ സൗരഭ് റായ് ചോദ്യം ചെയ്‌തു.

എന്നാല്‍, സൗരഭിന്റെ നിലപാടുകളെ തള്ളുന്ന പ്രതികരണമാണ് വിമാന അധികൃതർ നല്‍കിയത്. വിമാനത്തില്‍ ബഹളം വെച്ച ഇയാള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. വിമാനം നശിപ്പിക്കാൻ മറ്റു യാത്രക്കാരോടു സൗരഭ് ആവശ്യപ്പെട്ടു.  ഇതിനിടെ ‘ഹൈജാക്ക്’ എന്ന വാക്ക് ഉപയോഗിച്ചതിനാണു സുരക്ഷാ കാരണങ്ങളാൽ സൗരഭിനെ പുറത്താക്കിയതെന്നും ഇൻഡിഗോ വ്യക്തമാക്കി.

അതേസമയം വിമാനത്തിലെ ജീവനക്കാർ തന്നെ കൈയേറ്റം ചെയ്തെന്ന് സൗരഭ് ആരോപിച്ചു. വിമാനത്തിനുള്ളിൽ കൊതുകുകൾ ഉണ്ടെന്ന് പരാതിപ്പെടുക മാത്രമാണ് താൻ ചെയ്തത്. തന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞ ജീവനക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, വിമാനത്തില്‍ കൊതുകു ശല്ല്യം രൂക്ഷമായിരുന്നു എന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സൗരഭിനെതിരെ നടപടി സ്വീകരിച്ച ഇൻഡിഗോയ്‌ക്കെതിരെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. യാത്രക്കാരനു വൻ പിന്തുണയാണ് ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article