മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറിയ യുവനടന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (20:07 IST)
മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറിയ യുവനടന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. ടോളിവുഡ് കൊമേഡിയനായ വിജയ് സായി ആണ് ഹൈദരാബാദിലെ വസതിയില്‍ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ വിജയുടെ പിതാവാണ് മൃതദേഹം ആദ്യം കാണുന്നത്. സ്വന്തം കിടപ്പുമുറിയിലെ ഫാനില്‍ ഒരു ബെഡ് ഷീറ്റുപയോഗിച്ച് കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. വിജയ്ക്ക് 38 വയസായിരുന്നു. 
 
വിജയ് ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ജൂബിലി ഹില്‍‌സ് പൊലീസ് വ്യക്തമാക്കി. പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ച വിജയ് പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ കഴിയാത്തതിനാല്‍ പിന്നീട് വാതില്‍ തകര്‍ത്താണ് ബന്ധുക്കള്‍ മുറിക്കുള്ളില്‍ കടന്നത്.
 
വിവാഹജീവിതത്തിലെ താളപ്പിഴകള്‍ വിജയിനെ അസ്വസ്ഥനാക്കിയിരുന്നതായി സൂചനയുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി വിജയ് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു.
 
മമ്മൂട്ടി നായകനായ സ്വാതികിരണം എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായാണ് വിജയ് സായി സിനിമയില്‍ പ്രവേശിക്കുന്നത്. 2013ല്‍ അമ്മായിലു അബ്ബായിലു എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ബൊമ്മറിലു, സോഗാഡു, ബൃന്ദാവനം, പാര്‍ട്ടി തുടങ്ങിയ സിനിമകളില്‍ മികച്ച വേഷങ്ങളില്‍ വിജയ് എത്തി. 
 
മികച്ച അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ വിജയ് സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article