ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ നാളെ മുതല്‍, ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

വ്യാഴം, 30 നവം‌ബര്‍ 2017 (16:37 IST)
ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി വേദിയാകുന്നു. ഡിസംബര്‍ ഒന്നു മുതല്‍ നാലു വരെ നടക്കുന്ന കാര്‍ണിവലിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിര്‍വഹിക്കും. പ്രിന്‍സസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തെലുങ്കാന ചലച്ചിത്ര മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവരും സന്നിഹിതരാകും.
 
100 രാജ്യങ്ങളില്‍നിന്നുള്ള 5000ത്തിലധികം അധികം വ്യാപാരപ്രതിനിധികളും 300ല്‍ അധികം പ്രദര്‍ശകരും പ്രമുഖ നിക്ഷേപകരും 2500ലധികം മികച്ച കലാകാരന്മാരും കാര്‍ണിവലില്‍ പങ്കെടുക്കും. ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി 115ല്‍ അധികം സിനിമകളും കാര്‍ണിവലില്‍ പ്രദര്‍ശിപ്പിക്കും. കാര്‍ണിവലിന്റെ സുഗമമായ നടത്തിപ്പിനായി 2000ലധികം ഇന്ത്യന്‍ കോടീശ്വരന്മാരേയും കോര്‍പറേറ്റുകളേയും പ്രൊമോട്ട് ചെയ്യുന്നത് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വ്യവസായിയും സംവിധായകനുമായ സോഹന്‍ റോയ് ആണ്.
 
പദ്ധതിയുടെ ഭാഗമായി 10,000 പുതിയ 4കെ പ്രൊജക്ഷന്‍ മള്‍ട്ടിപ്ലക്സ് സ്ക്രീനുകളും 100000 2കെ/4കെ പ്രൊജക്ഷന്‍ ഹോം സിനിമാസും 8കെ/4കെ സ്റ്റുഡിയോകളും 100അനിമേഷന്‍/വി‌എഫ്‌എക്സ് സ്റ്റുഡിയോകളും ഫിലിം സ്കൂളുകളും തുടങ്ങാനുള്ള ശ്രമം നടത്തുമെന്നും ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ് പറയുന്നു.   
 
ബില്യണയര്‍ ക്ലബിന്റെ ഉദ്ഘാടനമാണ് കാര്‍ണിവലിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ലോകമെമ്പാടുമുള്ള 50 ശതകോടീശ്വരന്‍മാരും 500ല്‍പരം നിക്ഷേപകരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
 
കാര്‍ണിവലിന്റെ മറ്റ് പ്രധാന പരുപാടികള്‍: ഓള്‍ ലൈറ്റ്സ് ഇന്ത്യ ഇന്റര്‍‌നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ്, ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട്, ഇന്‍ഡിവുഡ് എക്സലന്‍സ് അവാര്‍ഡ്. ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി 50രാജ്യങ്ങളില്‍ നിന്നുമായി 115ല്‍ അധികം സിനിമകളും കാര്‍ണിവലില്‍ പ്രദര്‍ശിപ്പിക്കും. 
 
ഫെസ്റ്റിവലിന്റെ ഡയറക്ടറും പ്രമുഖ സംവിധായകനും പത്മഭൂഷണ്‍ പുരസ്കാര ജേതാവുമായ ശ്യാം ബെനഗലിനെ എഐഎഫ്ഐഎഫ് വേദിയില്‍ വെച്ച് ആദരിക്കും. ഈ വര്‍ഷം മുതല്‍ പാരിസ്ഥിതിക സിനിമകള്‍ക്കും അനിമേഷന്‍ മൂവികള്‍ക്കുമായി പ്രത്യേക സ്ക്രീന്‍ ഒരുക്കും. 
 
നിര്‍മാതാക്കള്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, വ്യവസായ സംരംഭകര്‍ തുടങ്ങിയവര്‍ക്കായി എഐഎഫ്ഐഎഫ് ഒരുക്കുന്ന ഒരു വേദിയാണ് ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ്. ആഗോളതലത്തില്‍ ഇന്ത്യന്‍ സിനിമകളുടെ മുഖമുദ്രയായി ഈ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കും. രാജ്യത്തുടനീളമുള്ള കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനും ഈ വേദി ഉപകരിക്കും. 
 
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരും സിനിമാതാരങ്ങളും കാര്‍ണിവല്‍ നേരില്‍ കാണാനുള്ള ആഗ്രഹം ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍