ഗ്രാമത്തിലൂടെ റോയൽ എന്‍ഫീല്‍ഡ് ബുള്ളറ്റോടിച്ച പെണ്‍കുട്ടിക്ക് വധഭീഷണി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഡൽഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മിലക് ഖതാന ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നത് അവസാനിപ്പിക്കണമെന്നതാണ് അവരുടെ ആവശ്യം. ഓഗസ്റ്റ് 31നാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയത്. സച്ചിന്‍ (30), കുല്ലു (28) എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് സെപ്റ്റംബര്‍ ഒന്നിന് കേസെടുത്തു. അതേസമയം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സച്ചിന്‍ ക്രിമിനല്‍ ആണെന്നും അതുകൊണ്ടുതന്നെ പേടിയുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.
പെണ്‍കുട്ടിയുടെ പ്രായം ബന്ധുക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ അതും അന്വേഷിക്കേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 31 ന് പ്രദേശത്തെ മാര്‍ക്കറ്റില്‍ പാലുവാങ്ങാന്‍ പെണ്‍കുട്ടി പോയത് റോയല്‍ എന്‍ഫീല്‍ഡില്‍ ആയിരുന്നു. പോകുന്നവഴിയില്‍ പെണ്‍കുട്ടിയെ തടഞ്ഞ സച്ചിന്‍ മേലില്‍ ബൈക്ക് ഓടിക്കരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കാരണം ചോദിച്ച പെണ്‍കുട്ടിയോട് അത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നായിരുന്നു മറുപടി.
കേട്ടില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് സച്ചിനും മറ്റു രണ്ടുപേരും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ഒരിക്കല്‍കൂടി ബൈക്ക് ഓടിച്ചാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതികളുടെ കൈയിൽ തോക്കുണ്ടായിരുന്നു. അവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിതാവിനെ പിടിച്ചുവയ്ക്കുകയും പൊലീസിനെ വിളിച്ചതോടെ അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നും പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കുന്നു. പിന്നീട് ഇവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.