ടെറസിന്റെ മൂലയിലെ ഒറ്റമുറി, ശുചിമുറി പോലുമില്ല! - അമലയുടെ താമസം ഇവിടെയോ?

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (10:26 IST)
പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നത്. ഇത്തരത്തിൽ നികുതി വെട്ടിച്ച അമല പോൾ, സുരേഷ് ഗോപി, ഫഹദ് ഫാസിൽ എന്നിവർക്കെതിരെ നോട്ടീസ് വന്നിരുന്നു. ഒടുവിൽ ഫഹദ് 17.68 ലക്ഷം രൂപ നികുതിനത്തിൽ അടച്ചു. 
 
എന്നാൽ, അമല പോളിന് ഇപ്പോഴും യാതോരു കുലുക്കവുമില്ല. രജിസ്ട്രേഷനിൽ നൽകിയ രേഖകൾ പ്രകാരം, പുതുച്ചേരി തിലാസ്പേട്ട് സെന്റ് തെരേസാസ് സ്ട്രീറ്റിൽ ആറാം നമ്പർ വീടാണ് നടി അമല പോളിന്റേത്. ഒരു വർഷമായി ഇവിടെ താമസിക്കുന്നുവെന്നാണ് അമല മോട്ടോർവാഹന വകുപ്പിനു നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
 
എന്നാൽ, കേരളത്തിൽനിന്നു പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ അമലയുടെ വീട് കണ്ട് ഞെട്ടി.  ടെറസിന്റെ മൂലയിലെ ഒറ്റമുറിയാണ് അഡ്രസിലുള്ളത്. അകത്തു ശുചിമുറി പോലുമില്ല. താമസം ഇപ്പോൾ പുതുച്ചേരിയിലാണെന്നു കാണിക്കാൻ ഈ മുറി വിലാസമാക്കി എടുത്ത ‌ഇൻഷുറൻസ് പോളിസി രേഖയാണു നൽകിയത്. ഇതോടെ അമല പുതുച്ചേരി വിലാസക്കാരിയായി. 
 
സംസ്ഥാനത്തെ നികുതി വെട്ടിക്കാനാണ് പോണ്ടിച്ചേരിയിൽ ആഡംബര വാഹനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത്. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നികുതിയായി വരുമ്പോള്‍ കേരളത്തിൽ പതിനാല് മുതൽ ഇരുപത് ലക്ഷം രൂപവരെ നികുതി നല്‍കണം. ഈ സാഹചര്യത്തിലാണ് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്ട്രേഷന്‍ കൂടുതലായത്.
 
കേസിൽ താൻ നികുതി അടയ്‌ക്കില്ലെന്ന നിലപാടിലാണ് അമല. ഇന്ത്യയില്‍ എവിടെയും തനിക്ക് സ്വത്ത് വകകള്‍ സ്വന്തമാക്കാനും വാങ്ങാനുമുള്ള അവകാശമുണ്ടെന്ന നിലപാടിലാണ് അമല. കേസ് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ നേരിടുമെന്നും ഇവര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article