ജയറാം ചെയ്തത് അചാരലംഘനം? ശക്തമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്

ബുധന്‍, 22 നവം‌ബര്‍ 2017 (08:06 IST)
സിനിമാമേഖലയിൽ ഉള്ളവർക്കെല്ലാം ഇപ്പോൾ കഷ്ടകാലമാണെന്നാണ് അടുത്തിടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപും, നികുതിവെട്ടിപ്പ് കേസിൽ അമല പോളും ഫഹദ് ഫാസിലും സുരേഷ് ഗോപിയും, ഇപ്പോൾ ശബരിമലയിലെ ആചാരങ്ങൾ തെറ്റിച്ചുവെന്ന പേരിൽ നടൻ ജയറാമും വിവാദങ്ങൾക്ക് പാത്രമാകുന്നു.
 
കഴിഞ്ഞ വിഷു ഉത്സവകാലത്ത് ശബരിമല സന്നിധാനത്ത് നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമാണെന്ന് അന്വേഷണ റിപ്പോർട്ട്. ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്‍. പ്രശാന്ത് നല്‍കിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 
 
50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾ മലചവുട്ടിയെന്നും ജയറാം ചട്ടലംഘനം നടത്തിയെന്നും ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് ദേവസ്വം മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
ജയറാം സന്നിധാനത്ത് ഇടയ്ക്കവായിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും സമീപത്ത് ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരന്‍ ശ്രീകുമാറായിരുന്നു അന്ന് ഇടയ്ക്ക വായ്ക്കേണ്ടിയിരുന്നതെന്നും ഈ ചുമതല ജയറാമിനെ ഏല്‍പ്പിച്ചത് ഗുരുതരമായ ആചാരലംഘവും കൃത്യവിലോപവുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍