ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവകാശ വാദത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ഇന്ത്യയുടെ ചരിത്രമെങ്കിലും പോയി വായിക്കൂ എന്നും സ്വയം പരിഹാസ്യനാവുന്നത് നിർത്താറായില്ലെയെന്നും യൂത്ത് കോൺഗ്രസ് ട്വിറ്ററിലൂടെ ചോദിച്ചു.
പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധിയാണെന്ന തിരുത്തലും കോൺഗ്രസ് നൽകി. തമിഴ്നാട്ടിൽ നടന്ന തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി നിർമ്മലാ സീതാരാമനാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി എന്ന അവകാശവാദം ഉന്നയിച്ചത്.
മോദിയുടെ അവകാശവാദത്തിനെതിരെ നിരവധിയാളുകളാണ് രംഗത്തു വന്നത്. അതിനു പിന്നാലെയാണ് കോൺഗ്രസും വിമർശനവുമായി രംഗത്തു വന്നത്. ഇന്ത്യയിലെ ആദ്യ വനിത പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ തമിഴ്നാട്ടുകാരിയാണെന്നാണ് മോദി കന്യാകുമാരിയിൽ പ്രസംഗിച്ചത്. ഇതാണ് യൂത്ത് കോൺഗ്രസ് തിരുത്തിയത്. സ്വയം അപഹാസ്യനാവുന്നത് നിർത്താറായില്ലേ എന്നും, ചരിത്രം പഠിച്ചോണ്ടിരുന്നപ്പോൾ ഏതെങ്കിലും ഭാഗം വിട്ടുപോയിട്ടുണ്ടെങ്കിൽ പൊടി തട്ടിയെടുക്കൂ എന്നുമായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.
പാകിസ്ഥാന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാർ തമിഴ്നാട്ടുകാരനായതിൽ തനിക്കഭിമാനമുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഈ പരാമർശം വോട്ടു ലക്ഷ്യമിട്ടുകൊണ്ടുളളതാണെന്നുളള തരത്തിൽ നിരവധി വിമർശനങ്ങളാണ് മോദിക്കെതിരെ ഉയരുന്നത്.