കെട്ടിവെച്ച കാശ് പോയി, മോദിക്ക് പോലും ബിജെപിയെ രക്ഷിക്കാനായില്ല; കാർഗിലിലെ തെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (08:21 IST)
2019ലെ പൊതുതെരഞ്ഞെടുപ്പിന് ആരംഭം കുറിച്ചിരിക്കുകയാണ് ബിജെപി. സീറ്റുകളെല്ലാം തിരികെ പിടിക്കാനും നിലനിർത്താനുമുള്ള വഴികളെല്ലാം രാജ്യം ഭരിക്കുന്ന ബിജെപി ആലോചിച്ചു കഴിഞ്ഞു. കര്‍ണാടകത്തിലേത് അടക്കം തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 
 
ഇപ്പോഴിതാ, ജമ്മു കശ്മീരിലും ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. കെട്ടിവച്ച കാശ് പോലും ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും കിട്ടിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ കാര്‍ഗിലിലെ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി തകര്‍ന്നടിഞ്ഞത്. 
 
ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ച സ്ഥലത്തെല്ലാം വമ്പൻ പരാജയമാണ് നേരിടേണ്ടി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദേശം പല തവണ സന്ദര്‍ശിച്ചിട്ടും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുപോലും ഇത്തരത്തില്‍ തോറ്റത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.
 
പെട്രോള്‍ വില വര്‍ധനവും ആള്‍ക്കൂട്ട കൊലപാതകങ്ങളും അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിട്ടുണ്ട് എന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. നാണംകെട്ട തോൽ‌വികൾക്ക് പിന്നിൽ ഇതെല്ലാമാകാം കാരണമെന്ന തോന്നലും ബിജെപിക്കുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article