ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ഇപ്പോള്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. അതായത് 2034 മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുന്നതായിരുന്നു കരാറിലെ വ്യവസ്ഥ. വിവിധ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. അതായത് നിലവില്‍ നിര്‍മ്മാണം വൈകുമെങ്കിലും സര്‍ക്കാരിന് മുന്‍നിശ്ചയ പ്രകാരം അതിലും കൂടുതല്‍ വരുമാനം അദാനി പോര്‍ട്ട് കമ്പനിയില്‍ നിന്ന് ലഭിക്കും.
പഴയ കരാര്‍ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിലെ വരുമാനം അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍ക്കാരിന് വിഹിതം നല്‍കുക. എന്നാല്‍, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി കമ്പനി സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക.
പഴയ കരാര്‍ അനുസരിച്ച് ഒന്നാം ഘട്ടത്തിന്റെ സ്ഥാപിത ശേഷിയുടെ 75 ശതമാനത്തില്‍ കൂടുതല്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം തുറമുഖത്തു കൈകാര്യം ചെയ്യുന്ന മുറയ്ക്കോ, അല്ലാത്തപക്ഷം 2045-ന് മുന്‍പോ ആയിരുന്നു തുറമുഖത്തിന്റെ രണ്ടാം ഘട്ടം കരാര്‍ കമ്പനി ഏറ്റെടുക്കേണ്ടിയിരുന്നത്. തുറമുഖ വകുപ്പ് ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028-ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്.