തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പിന് സാധ്യത

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (14:38 IST)
അഭ്യൂഹങ്ങൾക്കൊടുവിൽ സംസ്ഥാന നിയമസഭ പിരിച്ചുവിടാനൊരുങ്ങി തെലങ്കാന സർക്കാർ. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടു. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയും മന്ത്രിസഭാ യോഗം ചേർന്നാണ് നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. 
 
ഇതുമായി ബന്ധപ്പെട്ട പ്രമേയം മന്ത്രിസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മന്ത്രിസഭയുടെ തീരുമാനം തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ഗവർണർ ഇ.എസ്.എൽ. നരസിംഹനെ അറിയിച്ചു. ഇതോടെ ഈ വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങൾക്കൊപ്പം തെലുങ്കാന തിരഞ്ഞെടുപ്പും നടക്കാൻ സാധ്യത തെളിഞ്ഞു. 
 
മന്ത്രിസഭയുടെ ഏകകണ്ഠമായ തീരുമാനം ഗവർണർ അംഗീകരിച്ചു. അടുത്ത മന്ത്രിസഭ അധികാരമേൽക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാനും ഗവർണർ ചന്ദ്രശേഖര റാവുവിനോട് നിർദ്ദേശിച്ചു. 
 
ലോകസഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു വേണ്ടെന്ന നിലപാടിലാണു തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. മാത്രമല്ല, കുറച്ച് ആഴ്ചകളായി പല ജനക്ഷേമപദ്ധതികളും സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നുമുണ്ട്. ഇതേത്തുടർന്നുള്ള അനുകൂല വികാരം വോട്ടാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവുവിന്റെ നീക്കമെന്നാണു വിലയിരുത്തൽ. 
 
കോൺഗ്രസും തെലുങ്കുദേശം പാർട്ടിയും തെലങ്കാനയിൽ ഒരുമിച്ചു മൽസരിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇരു പാർട്ടികളും ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിടാൻ തത്വത്തിൽ തീരുമാനമായെന്നും സീറ്റു വിഭജനം സംബന്ധിച്ചുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍