ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ പതിനെട്ടാംപടിക്ക് പിന്തിരിഞ്ഞു നിന്നുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്തത് മനപ്പൂര്‍വ്വം അല്ലെങ്കില്‍ പോലും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കൂടാതെ മാളികപ്പുറത്ത് തേങ്ങ ഉരുട്ടല്‍ ആചാരമല്ലെന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫോട്ടോഷൂട്ട് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചപ്പോള്‍ സുരക്ഷാചുമതലയുള്ള ആദ്യ ബാച്ചിലെ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞു നിന്നുകൊണ്ട് ഫോട്ടോ എടുക്കുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു. ഫോട്ടോയില്‍ പങ്കെടുത്ത 23 പോലീസുകാരെ നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തു.