ചെന്നൈ: കരൂരിൽ നടന്ന വിജയ്‌യുടെ പാർട്ടി ടി.വി.കെയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഡി.എം.കെയുടെ നേതാവ് സെന്തിൽ ബാലാജിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ശേഷമാണ് ഇയാളുടെ ആത്മഹത്യ.
വിജയ് പ്രസംഗം ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ ആളുകൾ തളർന്നുതുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ആളുകൾക്ക് കുപ്പി വെള്ളം എറിഞ്ഞുനൽകി. ഇത് സ്ഥിതി സങ്കീർണമാക്കി. ആളുകൾ കുപ്പി പിടിക്കാൻ തിരക്ക് കൂട്ടിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങി. ഈ സമയം ആറ് വയസുകാരിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് മറ്റ് അപകടങ്ങൾ സംഭവിച്ചത്.