കോടതിയില്‍ നിന്നുള്ള നടപടി ഭയന്ന് തമിഴ്‌നാട്ടിലെ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി, കെ.പൊന്മുടി എന്നിവരാണ് ഗത്യന്തരമില്ലാതെ രാജി വെച്ചത്. സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് സെന്തില്‍ ബാലാജിയുടെ രാജി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതിന് പിന്നാലെയാണ് കെ.പൊന്മുടി രാജി വെച്ചത്.
സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയ കേസില്‍ ജാമ്യം റദ്ദാക്കുമെന്ന സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതോടെ സെന്തില്‍ ബാലാജി ഭയന്നു. തുടർന്നാണ് രാജി. മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് ഇന്ന് അറിയിക്കാനാണ് കോടതി സെന്തില്‍ ബാലാജിയോട് നിര്‍ദേശിച്ചിരുന്നത്. ഇന്നലെ രാത്രി അപ്രതീക്ഷിതമായിട്ടായിരുന്നു മന്ത്രിയുടെ രാജി.
കേസിന്റെ ന്യായാന്യായങ്ങള്‍ നോക്കിയല്ല, വിചാരണ നീണ്ടുപോകുന്നതുകൊണ്ടാണ് ബാലാജിക്ക് ജാമ്യം അനുവദിച്ചതെന്ന് ജസ്റ്റിസ് ഓക ചൂണ്ടിക്കാണിച്ചു. അപ്പോള്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്ന കാര്യംകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ജാമ്യം കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. എന്തു സന്ദേശമാണിത് നല്‍കുന്നതെന്ന് കോടതി ചോദിച്ചു.
പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി കെ.പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു പൊന്മുടിയുടെ രാജി. പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ സഹോദരിയും ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ കനിമൊഴി തന്നെ രംഗത്തെത്തിയതോടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു പൊന്മുടിയെ നീക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പൊന്മുടിക്കെതിരെ പ്രതിഷേധം ശക്തമാകുകയും സ്ത്രീ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭയവുമാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ ഡിഎംകെ തീരുമാനിച്ചത്.
ഇരുവരുടെയും രാജിയെത്തുടര്‍ന്നു തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറിന് വൈദ്യുതി വകുപ്പും ഭവന മന്ത്രി എസ്. മുത്തുസാമിക്ക് ബാലാജി വഹിച്ചിരുന്ന എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പും അധികമായി നല്‍കി.പുനഃസംഘടിപ്പിച്ചു. ജോലിക്കു കോഴ വാങ്ങിയ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ സെന്തില്‍, കഴിഞ്ഞ ഓഗസ്റ്റില്‍ ജാമ്യം ലഭിച്ചു മൂന്നാം നാള്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.