തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ തകര്‍ത്തത് അഞ്ച് ഭീകരരുടെ വീടുകള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 26 ഏപ്രില്‍ 2025 (12:42 IST)
തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ. കഴിഞ്ഞ ദിവസം ജമ്മു കാശ്മീര്‍ തകര്‍ത്തത് 5 ഭീകരരുടെ വീടുകളാണ്. കാശ്മീരിലെ ഷോപ്പിയാന്‍, കുല്‍ഗാം ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയിലെ 3 വീടുകളുമാണ് തകര്‍ത്തത്. ഭീകരന്‍ സാഹിദ് അഹമ്മദിന്റെ വീടുകളും പുല്‍വാമയിലെ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ്, ഹാരിസ് അഹമ്മദ്, അഫ്‌സാന്‍ ഉല്‍ ഹഖ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.
 
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകളാണ് ജില്ലാ ഭരണകൂടം ആദ്യം തകര്‍ത്തത്. വീടുകള്‍ തകര്‍ക്കുമ്പോള്‍ വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. ഭീകരാക്രമണത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അവിടെ നിന്നും മാറിയിരുന്നു. ത്രില്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇരുവര്‍ക്കും ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധം ഉണ്ടായിരുന്നതായി നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.
 
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ നിന്ന് ആറു പേരും, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ആന്ധ്രാപ്രദേശ്, കേരളം, യുപി, ഒഡീഷാ, ബീഹാര്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കാശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചത്. കൂടാതെ നേപ്പാളില്‍ നിന്നുള്ള ഒരാളും കൊല്ലപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കു ഇന്ത്യ സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍