ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസ നിരോധനം. ദിവസങ്ങള്‍ക്കുള്ളില്‍ 300 അറവുശാലകൾ അടച്ചുപൂട്ടി. ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിൽ സമ്പൂര്‍ണ്ണ മാംസ നിരോധനമാണ് നടപ്പാക്കുന്നത്. ബീഫിനു പുറമെ കോഴി, ആട്ടിറച്ചി, മീൻ എന്നിവയും വിൽക്കുന്നില്ല.
അനധികൃത അറവുശാലകൾ അടച്ചുപൂട്ടാനും പശുക്കടത്ത് തടയാനും യോഗി ആദിത്യനാഥ് പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ജില്ലാ മജിസ്ട്രേറ്റുമാർക്ക് കത്ത് നൽകിയിട്ടുമുണ്ട്. നിയമം തെറ്റിക്കുന്നവരോട് യാതൊരു ദയയും കാണിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചെന്ന പേരിലാണ് അറവുശാലകള്‍ പൂട്ടിയത്. ലൈസൻസ് പുതുക്കി നൽകില്ലെന്നു മാത്രമാണ് അധികൃതരുടെ അറിയിപ്പ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷമാണ് വിലക്ക് നിലവിൽ വന്നത്.
മിക്ക അറവുശാലകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി അടപ്പിക്കുകയാണ്. എല്ലായിടത്തും പൊലീസ് കാഴ്‌ചക്കാരായി നില്‍ക്കുന്നു സാഹചര്യമാണുള്ളത്. ചിലയിടങ്ങളില്‍ പൊലീസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയുമാണ്. അറവുശാലകൾ പൂട്ടുന്നതോടെ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്‌ടമാകുന്നത്.